ബംഗളൂരു: ഹിന്ദി അറിയാത്തതിന്റെ പേരിൽ അവഹേളനം നേരിട്ടുവെന്ന് വെളിപ്പെടുത്തിയ ഡി.എം.കെ നേതാവ് കനിമൊഴിക്ക് പിന്തുണയുമായി കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തി. ദക്ഷിണേന്ത്യയിൽ നിന്നുള്ള പല നേതാക്കളും പ്രധാനമന്ത്രി സ്ഥാനത്തെത്താതിരുന്നതിന് കാരണം ഹിന്ദി രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. കരുണാനിധിയും കാമരാജും ഇത്തരത്തിൽ പ്രധാനമന്ത്രി സ്ഥാനത്തെത്താൻ കഴിയാതിരുന്ന പ്രമുഖരാണ്. തടസങ്ങൾ മറികടന്ന് തന്റെ പിതാവ് എച്ച്.ഡി ദേവഗൗഡ പ്രധാനമന്ത്രി സ്ഥാനത്തെത്തിയെങ്കിലും ഭാഷയുടെ പേരിൽ അദ്ദേഹം വിമർശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തുവെന്നും കുമാരസ്വാമി പറഞ്ഞു.
ഹിന്ദി അറിയില്ലെന്നും, അതിനാൽ ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കണമെന്നും ആവശ്യപ്പെട്ട താൻ ഇന്ത്യക്കാരിയാണോ എന്ന് വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ ചോദിച്ചുവെന്നാണ് കനിമൊഴി വെളിപ്പെടുത്തിയിരുന്നത്. ദക്ഷിണേന്ത്യയിൽ നിന്നുള്ള നേതാക്കൾക്ക് അവസരങ്ങൾ നഷ്ടമായതിനെപ്പറ്റി പറയാനുള്ള ഉചിതമായ സമയമാണിത്.നിങ്ങൾ ഇന്ത്യക്കാരിയാണോ എന്ന ചോദ്യം കനിമൊഴിക്ക് നേരിടേണ്ടി വന്നുവെന്നും . കനിമൊഴി എന്ന സഹോദരിക്ക് നേരിടേണ്ടിവന്ന അവഹേളനത്തിനെതിരെ താൻ ശബ്ദമുയർത്തുമെന്നും കുമാരസ്വാമി വ്യക്തമാക്കി.
ദക്ഷിണേന്ത്യയിൽ നിന്നുള്ള നേതാക്കളുടെ അവസരങ്ങൾ തട്ടിയെടുക്കുകയും വിവേചനം കാട്ടിയതിനെയും പറ്റി തുറന്നു പറയാനുള്ള സമയമാണിത്. പ്രധാനമന്ത്രി ആയിരിക്കെ തന്റെ പിതാവ് ദേവഗൗഡ സ്വാതന്ത്ര്യ ദിനത്തിൽ ഹിന്ദിയിൽ പ്രസംഗിക്കാൻ നിർബന്ധിതനായി.ബിഹാറിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമുള്ള കർഷകരെ ഓർത്താണ് തന്റെ പിതാവ് അന്ന് സമ്മർദ്ദത്തിന് വഴങ്ങിയത്. ഹിന്ദി രാഷ്ട്രീയത്തിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ആ സംഭവമെന്നും ഭരണവർഗം ദക്ഷിണേന്ത്യക്കാരെ അവഗണിക്കുകയും അധിക്ഷേപിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി രാഷ്ട്രീയക്കാർ മറ്റുള്ള നേതാക്കളെ ബഹുമാനിക്കാറില്ലെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി.
ബാങ്കുകൾ ഉൾപ്പെടെയുളള പല പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി കിട്ടുന്നതിനുള്ള പരീക്ഷയ്ക്ക് ഹിന്ദിയും ഇംഗ്ലീഷും മാത്രമാണ് തിരഞ്ഞെടുക്കാൻ കഴിയുകയെന്നും ദക്ഷിണേന്ത്യയിലെ ജനങ്ങൾക്ക് ഇതുമൂലം തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നുവെന്നും കുമാരസ്വാമി പറഞ്ഞു. ഈ സ്ഥിതിക്ക് മാറ്റംവരേണ്ടതുണ്ട്. ഹിന്ദി ഭാഷയുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിനായി കോടിക്കണക്കിന് രൂപയാണ് കേന്ദ്ര സർക്കാർ ഇന്ത്യയിലും വിദേശത്തും ചിലവഴിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകൾക്കും ബഹുമാനവും അംഗീകാരവും ലഭിക്കുന്നതിനായി വലിയ പോരാട്ടം തന്നെ നടത്തേണ്ടിവരുമെന്നും കുമാരസ്വാമി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |