ദുബായ് : ഐ.പി.എല്ലിനായി യു.എ.ഇയിലെത്തിയ ശേഷമുള്ള ആദ്യ പരിശോധനയിൽ പോസിറ്റീവായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ താരങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫുമടക്കം 13 പേരും ഇന്നലെ നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവായെന്ന് അറിയിച്ച ക്ളബ് അധികൃതർ തൊട്ടുപിന്നാലെ തിരുത്തി. പോസിറ്റീവ് ആയവർ ഇപ്പോഴും രോഗമുക്തരായിട്ടില്ലെന്നും മറ്റുള്ളവരാണ് നെഗറ്റീവെന്നുമാണ് തിരുത്ത്. 13 പേർ ഒഴികെയുള്ളവർക്ക് ഒരു പരിശോധനയിൽക്കൂടി നെഗറ്റീവായാൽ ക്വാറന്റൈൻ അവസാനിപ്പിക്കാനാകും.ഇവർക്ക് നാലാം തീയതി പരിശീലനം പുനരാരംഭിക്കാനാകുമെന്നും ടീം സി.ഇ.ഒ വിശ്വനാഥൻ അറിയിച്ചു.
അതേസമയം രോഗബാധിതരായ താരങ്ങൾ 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയശേഷമേ പരിശീലനത്തിന് ഇറങ്ങൂ.
ചെന്നൈയിൽ പരിശീലനക്യാമ്പ് നടത്തിയ ശേഷമാണ് സൂപ്പർ കിംഗ്സ് താരങ്ങൾ ദുബായ്യിലെത്തിയത്. എയർപോർട്ടിലും വിമാനത്തിലും മാസ്ക് വയ്ക്കാതെയുള്ള ചെന്നൈ താരങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. യു.എ.ഇയിലെത്തിയശേഷമുള്ള ആദ്യ പരിശോധനയിൽ പേസർ ദീപക് ചഹർ ഉൾപ്പടെ 12പേർ നെഗറ്റീവായ വാർത്തയാണ് ആദ്യം പുറത്തുവന്നത്. പിറ്റേന്ന് മറ്റൊരു കളിക്കാരൻ റിതുരാജ് ഗേയ്ക്ക്വാദിനും രോഗം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് വ്യക്തിപരമായ കാരണങ്ങളാൽ സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങിയത്.ടീമിൽ കൊവിഡ് ബാധയുണ്ടായപ്പോൾ തന്റെ കുടുംബത്തെയും കുട്ടികളെയും കുറിച്ചുള്ള ആധികൊണ്ടാണ് റെയ്ന തിരിച്ചുവന്നതെന്ന് വാർത്തയുണ്ടായിരുന്നെങ്കിലും ടീം മാനേജ്മെന്റുംതാരവും തമ്മിലുള്ള കശപിശയുടെ വാർത്തകളും പിന്നാലെ വന്നു.
തർക്കം ബാൽക്കണിയിൽ
ദുബായ്യിൽ ടീം ക്വാറന്റൈനിൽ കഴിയുന്ന ഹോട്ടലിൽ തനിക്ക് അനുവദിച്ച മുറിയുടെ സൗകര്യക്കുറവിനെച്ചൊല്ലിയാണ് റെയ്ന പിണങ്ങിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.ക്യാപ്ടൻ ധോണിക്ക് അനുവദിച്ചപോലെ ബാൽക്കണിയും മറ്റ് സൗകര്യങ്ങളുമുള്ള മുറി തനിക്കും വേണമെന്ന് റെയ്ന ആവശ്യപ്പെട്ടെങ്കിലും ടീം മാനേജ്മെന്റ് അതിന് സമ്മതിച്ചില്ല. ഇതോടെയാണ് റെയ്ന ഇടഞ്ഞത്. ധോണി തന്നെ ഇടപെട്ട് റെയ്നയെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് പറയപ്പെടുന്നു. ഇതിനിടയിൽ പഞ്ചാബിൽ തന്റെ ബന്ധുകുടുംബം ആക്രമണത്തിന് ഇരയായതും കൊവിഡ് ബാധയും എല്ലാം കൂടി താരത്തെ സമ്മർദ്ദത്തിലാഴ്ത്തി.
മലക്കം മറിഞ്ഞ് ശ്രീനി
കഴിഞ്ഞ ദിവസം സുരേഷ് റെയ്നയ്ക്കെതിരെ കടുത്ത വിമർശനം നടത്തിയിരുന്ന ചെന്നൈ സൂപ്പർകിംഗ്സ് ഉടമയും മുൻ ബി.സി.സി.ഐ പ്രസിഡന്റുമായ എൻ . ശ്രീനിവാസൻ ആരാധകരുടെ കടുത്തപ്രതിഷേധത്തെത്തുടർന്ന് തന്റെ വാക്കുകൾ വിഴുങ്ങി. വലിയ കളിക്കാരനെന്ന അഹങ്കാരമാണ് റെയ്നയ്ക്കെന്നും ടീം വിട്ടതിലുള്ള ഭവിഷ്യത്ത് അറിയാൻ പോകുന്നതേയുള്ളൂവെന്നും ശ്രീനി ഞായറാഴ്ച ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഐ.പി.എൽ കളിച്ചാൽ കിട്ടുന്ന വലിയ തുക നഷ്ടപ്പെടുത്തിയത് മണ്ടൻ തീരുമാനമെന്ന് കളിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ ആരാധകരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമുണ്ടായതോടെ റെയ്നയ്ക്കൊപ്പമാണ് ചെന്നൈ ടീമെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നുമുള്ള വിശദീകരണവുമായി ശ്രീനിവാസൻ രംഗത്തെത്തിയത്.