ഹൈദരാബാദ്: ബിനാമി പേരിൽ സ്ഥലക്കച്ചവടത്തിനായി കൊണ്ടുവന്ന വൻതുക പിടിച്ചെടുത്ത് തെലങ്കാന ആന്റി കറപ്ഷൻ ബ്യൂറോ. ബിനാമികളുടെ പേരിൽ കൊണ്ടുവന്ന 4.4 കോടി രൂപയാണ് തെരച്ചിലിൽ പിടിച്ചെടുത്തത്. അന്വേഷണത്തിൽ ഈ പണം ഇൻഷുറൻസ് മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) മുൻ ഡയറക്ടർ ദേവികാ റാണിയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബിനാമി പേരിലാണ് ദേവികാ റാണി ഇടപാട് നടത്തിയത്. സ്ഥലക്കച്ചവടത്തിനായി നൽകിയ ബ്രോക്കറിൽ നിന്നാണ് തുക പിടിച്ചെടുത്തത്. 15000 സ്ക്വയർഫീറ്റിന്റെ കൊമേഴ്സ്യൽ പ്ളോട്ടും ആറ് ഫ്ളാറ്റുകളും വാങ്ങുന്നതിനായാണ് തുക നൽകിയത്. ഇവർക്കൊപ്പം ഫാർമസിസ്റ്റായ നാഗലക്ഷ്മിയിൽ നിന്ന് 72 ലക്ഷം രൂപയും മറ്റൊരാളിൽ നിന്ന് 22 ലക്ഷം രൂപയും സ്ഥലക്കച്ചവടക്കാരനിൽ നിന്ന് 3.75 കോടി രൂപയുമാണ് പിടിച്ചെടുത്തത്. ഇതോടൊപ്പം ഒരു 2.29 കോടി ചെക്കായും ഇയാൾക്ക് നൽകിയിട്ടുണ്ട്. ദേവികാ റാണിയെയും നാഗലക്ഷ്മിയെയും മുൻപ് സർവീസിൽ നിന്ന് പിരിച്ചുവിട്ടതായിരുന്നു. ഇവരുടെ സ്ഥലക്കച്ചവടത്തിൽ ഐ.എം.എയിലെ മൂന്ന് ഡോക്ടർമാർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെയും സർവീസിൽ നിന്ന് പരിച്ചുവിട്ടു.