കൊവിഡ് പ്രതിസന്ധി ഉടൻ അവസാനിച്ചില്ലെങ്കിൽ ഭക്ഷ്യദൗർലഭ്യം രാജ്യത്ത് രൂക്ഷമാകാൻ സാധ്യതയുണ്ട്. അതിനാൽ കാർഷികപരമായ എന്തുതൊഴിലും നിലവിലുള്ള സാഹചര്യത്തിൽ ചെയ്യാൻ നിർബന്ധിതരാകുകയാണ് ഭൂരിഭാഗം പേരും. കേരളം പോലൊരു ഉപഭോക്തൃ സംസ്ഥാനത്തിൽ ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതി നിലച്ചാൽ പട്ടിണിയായിപ്പോകും. കൊവിഡ് വ്യാപനം ശക്തമാകുന്ന സംസ്ഥാനങ്ങളിലുള്ള കർഷകർ രോഗബാധയുടെ ഭയത്താൽ തൊഴിലിടങ്ങളിൽ വരുന്നതിന് താത്പര്യക്കുറവ് കാണിക്കുന്നതായാണ് മനസിലാക്കുന്നത്. രോഗബാധ തുടർന്നാൽ കാർഷികരംഗത്ത് വളരെ വലിയ ആഘാതമുണ്ടാകുകയും ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതിയിൽ ഗണ്യമായ കുറവ് വരുവാനും സാധ്യതയുണ്ട്.
ഗുരുതരമായ ഇത്തരം പ്രതിസന്ധികളെ മുന്നിൽ കണ്ടുകൊണ്ട് തൊഴിൽ നഷ്ടപ്പെട്ട യുവാക്കളുടെ കൂട്ടായ്മ കൃഷിയിലേക്ക് തങ്ങളുടെ അദ്ധ്വാനശേഷി തിരിച്ചുവിടാൻ ശ്രമിക്കണം. വൈറ്റ് കോളർ ജാഡകൾ വിട്ടൊഴിയുവാൻ തയാറായാൽ സമൃദ്ധമായി ആഹാരം കഴിക്കുന്നതിനുള്ള വിളകൾ സ്വന്തമായി കൃഷി ചെയ്യുന്നതിന് സാധിക്കും. ഗുണമേന്മയുള്ള കൃഷിവിഭവങ്ങൾക്ക് വിപണിയിൽ നല്ല മൂല്യം ലഭിക്കുന്നുണ്ട്. അധ്വാനിക്കാനുള്ള മാനസികാവസ്ഥ രൂപപ്പെട്ടാൽ ജീവിതശൈലീ രോഗങ്ങളിൽ നിന്നും മോചനവും നല്ല ആരോഗ്യവും ലഭിക്കും. ഇന്നിപ്പോൾ ലോക്ഡൗൺ കാലഘട്ടത്തിൽ മണ്ണിലേക്കിറങ്ങി അധ്വാനിക്കാൻ തയാറാകുന്ന ധാരാളം പേർ ഉണ്ടായിട്ടുണ്ട്. ഈ ശീലം തുടരുവാൻ സാധിച്ചാൽ കാർഷിക സ്വയം പര്യാപ്തത എന്ന സ്വപ്നം സംസ്ഥാനത്തിന് നേടുവാൻ സാധിക്കും. കാർഷിക ചലഞ്ച് പോലുള്ള പ്രവർത്തനങ്ങൾ ജനങ്ങളുടെ ഇടയിൽ നല്ല രീതിയിൽ സ്വാധീനമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. സന്നദ്ധ, സർവീസ് സംഘടനകളും ഈ പ്രവർത്തനം ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നുണ്ട്.
ഇന്നിപ്പോൾ കാർഷികജോലികൾക്കായി അന്യ സംസ്ഥാന തൊഴിലാളികളെപ്പോലും ലഭിക്കില്ല. ഇനി കുറേക്കാലത്തേക്ക് അവരുടെ വരവും കുറയും. അതിനാൽ ഈ അവസരം മുതലെടുത്ത് മലയാളി തൂമ്പയുമായി സ്വന്തം കൃഷിയിടത്തും പറമ്പിലും ഇറങ്ങിയാൽ പരിഹരിക്കപ്പെടാവുന്ന പ്രശ്നം മാത്രമേയുള്ളൂ. സർക്കാരും ഈ വിഷയത്തിൽ അനുകൂലമായ നിലപാടും പിന്തുണയുമാണ് നൽകിവരുന്നത്. ഇന്നല്ലെങ്കിൽ നാളെ കൊവിഡിനെ ശാസ്ത്രം ലോകം പിടിച്ചു കെട്ടും. എന്നാലും തുടർന്നുള്ള കാലത്തും കൃഷി ഒരു ജീവിതശീലമായി തുടരാൻ ഏവരും തയാറാകണം.
സംസ്ഥാനവ്യാപകമായി തദ്ദേശിയരായ കർഷക കൂട്ടായ്മകൾ ഉണർന്നു പ്രവർത്തിക്കണം. ഇടനിലക്കാരെ ഒഴിവാക്കി കാർഷികവിഭവങ്ങൾ സംഭരിച്ച് വിപണിയിലെത്തിച്ചാൽ കർഷകർക്ക് നല്ല ലാഭം ലഭിക്കുമെന്നതിൽ സംശയമില്ല. ഉത്തരേന്ത്യയിലാണ് കർഷകർ ഇത്തരത്തിൽ ബുദ്ധിമുട്ട് കൂടുതലായി നേരിടുന്നത് തക്കാളി, സവാള, ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയ ഉത്പന്നങ്ങൾ കൃഷി ചെയ്യുന്ന കർഷകർ ആകെ വിലത്തകർച്ച നേരിടുകയാണ്. കൊവിഡ് നാളുകളിൽ വീടുകളിലിരുക്കുന്ന വിദ്യാർത്ഥികൾക്കിടയിലും കൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും, കാർഷിക വൃത്തിയിലൂടെ മാത്രമേ രാജ്യത്തിന് പുരോഗതി ഉണ്ടാകുകയുള്ളൂ എന്ന ആശയം പകർന്നുനൽകുകയും വേണം.
കേരളത്തിൽ ഇന്ന് ജൈവകൃഷിക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള രീതി പിന്തുടരുന്നത് പ്രകൃതിസൗഹൃദവും പരിസ്ഥിതിക്ക് ഗുണപരമാകുന്നതുമാണ്. കാർഷിക സമൃദ്ധി ലക്ഷ്യം വച്ച് സന്നദ്ധ യുവജനസംഘടനകൾ കാര്യക്ഷമമായ ഇടപെടൽ നടത്തി, ഒഴിഞ്ഞുകിടക്കുന്ന ഭൂമികളിൽ കൃഷിചെയ്യുവാൻ ആരംഭിക്കണം. ഇത് സംസ്ഥാന വ്യാപകമാക്കിയാൽ ആഭ്യന്തര കാർഷിക ഉത്പാദനപ്രക്രിയ സമ്പുഷ്ടമാകും.
ഇത്തരത്തിൽ ജനകീയ കൂട്ടായ്മകൾ രൂപപ്പെട്ട് കാർഷികോത്പാദനം വർദ്ധിക്കുന്നതിലൂടെ ഉത്പന്നങ്ങൾ വിപണിയിലും സുലഭമാകും. ഇത് കാർഷികവിഭവങ്ങൾ വിലക്കുറവിൽ വാങ്ങുന്നതിനും സാധിക്കും.
എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസറാണ് ലേഖകൻ