തിരുവനന്തപുരം:നിയമസഭയ്ക്ക് ഒരു വർഷത്തിൽ താഴെ മാത്രം കാലാവധിയും, കൊവിഡ് പ്രതിസന്ധിയും കാരണം നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്ന കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ ആകസ്മികമായി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചതോടെ, മടക്കിവച്ച ആയുധങ്ങൾ തിരിച്ചെടുക്കുകയാണ് മുന്നണികൾ.
ഉപതിരഞ്ഞെടുപ്പുകളുടെ തിയതി സംബന്ധിച്ച വിജ്ഞാപനം ഉടനെയുണ്ടാവും. അത് തദ്ദേശ തിരഞ്ഞെടുപ്പിനൊപ്പമാവുമോ എന്നതിലുമുണ്ട് ആകാംക്ഷ. നവംബർ 12ന് മുമ്പ് പുതിയ ഭരണസമിതികൾ വരണമെന്നതിനാൽ ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ വേണം തദ്ദേശതിരഞ്ഞെടുപ്പ് . ഉപതിരഞ്ഞെടുപ്പ് തിയതി കൂടി നോക്കിയാവും തദ്ദേശ തിരഞ്ഞെടുപ്പിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ക്രമീകരണമൊരുക്കുക. രണ്ടായാലും, ഇനിയുള്ള ദിവസങ്ങൾ മുന്നണികൾക്ക് തിരഞ്ഞെടുപ്പ് ചൂടിന്റേതാണ്. ഉപതിരഞ്ഞെടുപ്പുകളിൽ ജയിക്കുന്നവർക്ക് എം.എൽ.എയായി നാല് മാസമാണ് പ്രവർത്തിക്കാൻ കിട്ടുക.
ആത്മവിശ്വാസം, അതല്ലേ എല്ലാം
തികഞ്ഞ ആത്മവിശ്വാസമാണ് ഇന്നലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് വന്നതിന് പിന്നാലെ യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയും ഒരുപോലെ പ്രകടിപ്പിച്ചത്. ഉപതിരഞ്ഞെടുപ്പിനെ എപ്പോൾ വേണമെങ്കിലും നേരിടാനൊരുക്കമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനും വ്യക്തമാക്കി. കുട്ടനാട്ടിലും ചവറയിലും എൽ.ഡി.എഫ് വിജയം ആവർത്തിക്കുമെന്ന ഉറച്ച ആത്മവിശ്വാസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രകടിപ്പിച്ചു.നേരത്തേ മത്സരിച്ചിരുന്ന കക്ഷികൾക്ക് തന്നെയാവും ഉപതിരഞ്ഞെടുപ്പിലും സീറ്റുകളെന്ന സൂചനയും കോടിയേരി നൽകി. കുട്ടനാട്ടിൽ എൻ.സി.പിയാണ് മത്സരിച്ചത്. ചവറയിൽ സി.എം.പിയായിരുന്നെങ്കിലും അവർ പിന്നീട് സി.പി.എമ്മിൽ ലയിച്ചു.
രംഗം കൊഴുപ്പിക്കാൻ ജോസഫ്, ജോസ് അടിയും
തദ്ദേശഭരണ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പുകൾ കൂടിയായതോടെ, കേരള കോൺഗ്രസ്-ജോസഫ്, ജോസ് വിഭാഗങ്ങൾ തമ്മിലെ തർക്കം വീണ്ടും ശ്രദ്ധാകേന്ദ്രമാവുന്നു. സ്വതന്ത്ര നിലപാട് പ്രഖ്യാപിച്ചുനിൽക്കുന്ന ജോസ് വിഭാഗത്തിന് ഉടനൊരു രാഷ്ട്രീയനിലപാട് കൈക്കൊള്ളേണ്ടിവരും. മിക്കവാറും ഇടതുമുന്നണിയിലേക്കെന്ന സൂചനകളാണ് പുറത്തുവരുന്നത്. അവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം യു.ഡി.എഫിനകത്തും നടക്കുന്നു. ദേശീയതലത്തിൽ യു.പി.എ ഘടകകക്ഷിയായ കേരള കോൺഗ്രസ്-എമ്മിന്റെ പിതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയോടെ ജോസിനനുകൂലമായതാണ് ആശയക്കുഴപ്പം മൂർച്ഛിപ്പിച്ചത്. ജോസിനെ ഒരിക്കലും തിരിച്ചെടുക്കില്ലെന്ന പി.ജെ. ജോസഫിന്റെ പരസ്യപ്രതികരണവും യു.ഡി.എഫിനെ വലയ്ക്കുന്നു.
കുട്ടനാട്ടിൽ ഇടതിൽ എൻ.സി.പിക്കകത്തും അസ്വാരസ്യങ്ങളുണ്ട്. തോമസ് ചാണ്ടിയുടെ സഹോദരന് വേണ്ടി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരനടക്കമുള്ളവർ നിൽക്കുമ്പോൾ, വിയോജിപ്പുമായി മറുവിഭാഗവും ശക്തമായി രംഗത്തുണ്ട്.