അമ്പലപ്പുഴ : മോഷ്ടിച്ച ബൈക്കിലെത്തി വനിതാ ഹൗസ് സർജൻമാർക്ക് നേർക്ക് അശ്ളീല പ്രദർശനം നടത്തിയ യുവാവ് കുടുങ്ങി. വാടയ്ക്കൽ കറുകപ്പറമ്പ് വീട്ടിൽ അജോയ് (38) ആണ് പൊലീസിന്റെ പിടിയിലായത്'.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്കു സമീപത്തെ ഹൗസ് സർജന്മാരുടെ ക്വാർട്ടേഴ്സിനു സമീപം വ്യാഴാഴ്ചയായിരുന്നു സംഭവം. വനിത ഹൗസ് സർജൻമാർ ആശുപത്രിയിൽ നിന്നും ക്വാർട്ടേഴ്സിലേക്കു പോകുമ്പോൾ യുവാവ് അശ്ലീല പ്രദർശനം നടത്തിയശേഷം കടന്നു. തുടർന്ന് ഇവർ ആശുപത്രിയിലെ എയ്ഡ് പോസ്റ്റിൽ പരാതി നൽകി. ബൈക്ക് നമ്പരും, ഷർട്ടിന്റെ കളറും പരാതിയിൽ പറഞ്ഞിരുന്നു.എയ്ഡ് പോസ്റ്റ് എസ്.ഐ സ്റ്റാലിൻ ഇന്നലെ രാവിലെ വാടയ്ക്കലുള്ള വീട്ടിലേക്കു പോകുന്ന വഴി അതേ നമ്പരിലുള്ള ബൈക്കിൽ അജോയ് പോകുന്നതു കണ്ട് തടഞ്ഞു നിർത്തി ആലപ്പുഴ സൗത്ത് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ സഞ്ചരിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചതാണെന്നും ഇയ്യാൾ പൊലീസിനോടു പറഞ്ഞു. ബൈക്ക് മോഷണ കേസിന് ഇയാൾക്കെതിരെ സൗത്ത് പൊലീസും അശ്ലീല പ്രദർശനം നടത്തിയതിന് അമ്പലപ്പുഴ പൊലീസും കേസെടുത്തു.