അപകടത്തിൽപ്പെട്ടത് നോർക്ക റൂട്ട്സ് വൈസ് ചെയർമാന്റെ ഔദ്യോഗിക വാഹനം
കൊല്ലം: നോർക്ക റൂട്ട്സ് വൈസ് ചെയർമാന്റെ ഔദ്യോഗിക വാഹനം മദ്യലഹരിയിൽ ഓടിച്ച് നഗരത്തിൽ അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ പൊലീസ് കേസ്. വാഹനത്തിന്റെ ഡ്രൈവർ കന്യാകുമാരി എരണിയേൽ സ്വദേശി വിനോദിനെതിരെയാണ് (32) കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്. വാഹനം കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. ചിന്നക്കടയിൽ വാഹനങ്ങളിലും പോസ്റ്റുകളിലും ഇടിച്ച ശേഷം അമിതവേഗതയിൽ ബീച്ച് റോഡിലൂടെ പാഞ്ഞ വാഹനത്തിന്റെ ടയർ പഞ്ചറായതോടെ കശുഅണ്ടി വികസന കോർപ്പറേഷൻ ആസ്ഥാനത്തിന് സമീപം തനിയെ നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻവശം ഭാഗികമായി തകർന്നിരുന്നു. സർക്കാർ വാഹനത്തിന്റെ അപകടയാത്ര കണ്ട് വാഹത്തിൽ പിന്തുടർന്നെത്തിയവരെ പൊലീസ് ഇടപെട്ടാണ് പിൻതിരിപ്പിച്ചത്. ആളുകൂടുന്നത് കണ്ട് വാഹനം സമീപത്തെ കശുഅണ്ടി വ്യവസായിയുടെ വീട്ടിലേക്ക് പൊലീസ് ഉദ്യോഗസ്ഥരാണ് തള്ളിക്കയറ്റിയിട്ടത്. പിന്നീട് വാഹനത്തിന്റെ നമ്പർ പ്ലേറ്റും കേരള സർക്കാർ എന്ന് എഴുതിയിരുന്ന ചുവന്ന ബോർഡും പൊലീസ് ഇളക്കിയെടുത്ത് കൊണ്ടുപോയി. മുഖത്ത് സാരമായി പരിക്കേറ്റ ഡ്രൈവറെ പൊലീസ് തന്നെയാണ് ആശുപത്രിയിൽ കൊണ്ടുപോയത്.