ലക്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ മുൻ എം.എൽ.എയെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. മൂന്ന് തവണ എം.എൽ.എ ആയിരുന്ന നിർവേന്ദ്ര മിശ്രയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം.
ഭൂമി തർക്കവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിന് പിന്നാലെയാണ് എം.എൽ.എയെ ഒരു സംഘം ആളുകൾ വളഞ്ഞിട്ട് ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. മിശ്രയുടെ മകനും മർദ്ദനമേറ്റു. കോടതിയിൽ കേസ് നടക്കുന്ന ഭൂമിയെ കുറിച്ചുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഭൂമിയിൽ അവകാശവാദം ഉന്നയിക്കുന്നവരിൽ ഒരാളായ കിഷൻ കുമാർ ഗുപ്ത, ഞായറാഴ്ച രാവിലെ നൂറിലധികം ആളുകളുമായി സ്ഥലം പിടിച്ചെടുക്കാൻ എത്തുകയായിരുന്നു.
മിശ്രയും തന്റെ ആളുകളുമായി സ്ഥലത്തെത്തി. പിന്നാലെ ഇരു സംഘങ്ങളും ഏറ്റുമുട്ടി. പരിക്കേറ്റ മിശ്രയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. രണ്ട് തവണ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച മിശ്ര. 1993ൽ സമാജ്വാദി പാർട്ടി ടിക്കറ്റിലും മത്സരിച്ച് വിജയിച്ചു.
അതേസമയം, നിരവധി രാഷ്ട്രീയ നേതാക്കൾ സംഭവത്തെ അപലപിച്ച് കൊണ്ട് രംഗത്തെത്തി. യോഗി ആദിത്യനാഥ് സർക്കാരിന് കീഴിൽ സംസ്ഥാനത്ത് സുരക്ഷാ സംവിധാനം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് യു.പി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അജയ് കുമാർ ലല്ലു പറഞ്ഞു.