ന്യൂഡൽഹി: കർണാടകയിലെ സിനിമാ താരങ്ങളെ കേന്ദ്രീകരിച്ചും ബോളിവുഡിലും കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകളെ കുറിച്ചുള്ള ആരോപണങ്ങൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതേ കർണാടകയിലെ ചില ക്ഷേത്രങ്ങളിൽ കഞ്ചാവ് പ്രസാദമായി നൽകാറുണ്ടത്രേ. ഒരു ദേശീയ മാദ്ധ്യമത്തിലാണ് ഇത് സംബന്ധിച്ച വാർത്ത വന്നിരിക്കുന്നത്. വടക്കൻ കർണാടകയിലെ ചില ക്ഷേത്രങ്ങളിലാണ് കഞ്ചാവ് പ്രസാദം നൽകുന്നത്. ശരണ, ആരൂഢ, ശപ്ത, അവദൂത ആചാരമനുസരിച്ച് കഞ്ചാവ് ദിവ്യത്വമുള്ള വസ്തുവാണത്രേ.
കർണാടകയില യദ്ഗീർ ജില്ലയിലുള്ള മൗനേശ്വര ക്ഷേത്രം,റിച്ചൂർ ജില്ലയിലെ അംഭാ മഠം, റയ്ചൂരിലേയും യാദഗിരിയിലേയും വിവിധ ക്ഷേത്രങ്ങളിൽ കഞ്ചാവാണ് പ്രസാദം.
മൗനേശ്വര ക്ഷേത്രത്തിൽ ജനുവരിയിൽ നടക്കുന്ന ആണ്ട് മേളയിലാണ് ഭക്തർക്ക് ഒരു കുഞ്ഞ് പാക്കറ്റിൽ കഞ്ചാവ് പ്രസാദം നൽകും. ക്ഷേത്രത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം പ്രസാദം വലിച്ച് ജ്ഞാനോദയം നേടാം. പ്രസാദം ലഹരിക്കുള്ള ഉപാധിയായിട്ടല്ല നൽകുന്നതെന്നും പുറത്ത് വിൽപ്പന നടത്തുന്നില്ലെന്നും ക്ഷേത്രം അധികൃതർ പറയുന്നു. ക്ഷേത്രങ്ങളിലും മഠങ്ങളിലും കഞ്ചാവുണ്ടാകുമെന്ന് കരുതുന്നില്ലെന്നും എന്നാൽ വിവരം ലഭിച്ചാൽ അന്വേഷണം നടത്തുമെന്നുമാണ് റിച്ചൂർ എസ്.പി. പ്രകാശ് നിത്യം അറിയിച്ചിരിക്കുന്നത്.