തിരുവനന്തപുരം: കന്നഡ സിനിയെ പിടിച്ചുലച്ച ലഹരിമരുന്ന് കേസിലുൾപ്പെട്ട മലയാളികൾ കേരളത്തിലെ സിനിമാപ്രവർത്തകരുമായി ബന്ധമുണ്ടെോയെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ലഹരി വിതരണ സംഘങ്ങളെ കണ്ടെത്താൻ നാർക്കോട്ടിക് സെല്ലിന് ഡി.ജി.പി നിർദ്ദേശിച്ചിരുന്നു. ബംഗളൂരുവിലെ സംഘങ്ങൾക്ക് കേരളത്തിലെ സിനിമാ, സീരിയൽ മേഖലയുമായുള്ള ബന്ധങ്ങൾ, വിതരണ ശൃംഖല എന്നിവ കണ്ടെത്താനാണ് ശ്രമം. മലയാള സിനിമാ, സീരിയൽ മേഖലയിലുള്ള ചിലർ ലഹരിമരുന്നിന്റെ വിതരണക്കാരായി പ്രവർത്തിക്കുകയാണെന്ന് അന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചിരുന്നു.
കേസിലെ മുഖ്യപ്രതി എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന് സിനിമാരംഗത്ത് വിപുലമായ ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടേയും (എൻ.സി.ബി) ബംഗളൂരു പൊലീസിന്റെയും പക്കലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളുടെ കേരള ബന്ധം പരിശോധിക്കും. ന്യൂജനറേഷൻ സിനിമകൾക്ക് പണം മുടക്കിയ മാഫിയാ ബന്ധമുള്ളവരെ കണ്ടെത്താനും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.
കൊച്ചിയിൽ ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ ലഹരിമരുന്ന് വ്യാപാരം നടക്കുന്നതായും വിവരമുണ്ട്. ബംഗളൂരു വിമാനത്താവളത്തിൽ ജീവനക്കാരിയായിരുന്ന പാലക്കാട് സ്വദേശിനി ഇതിന്റെ മുഖ്യകണ്ണിയെന്നാണ് സൂചന. അനൂപുമായി ഉറ്റബന്ധമുള്ള ഇവർക്ക് വിപുലമായ സിനിമാബന്ധങ്ങളുണ്ട്. തിരുവില്വാമല സ്വദേശി റിജീഷ് രവീന്ദ്രൻ, കണ്ണൂർ സ്വദേശി ജിംറീൻ അഷി എന്നിവർ കേരളത്തിൽ നടത്തിയ ലഹരിമരുന്ന് ഇടപാടുകളും അന്വേഷിക്കുന്നുണ്ട്.