അമ്മയായ ശേഷം കോർട്ടിൽ തിരിച്ചെത്തിയ സെറീനയും -പിറൊങ്കോവയും ക്വാർട്ടറിൽ മുഖാമുഖം
വിക്ടോറിയ അസരങ്കയും ക്വാർട്ടറിൽ
ആർതർ ആഷെയിൽ 100-ാം വിജയം നേടി സെറീന
ന്യൂയോർക്ക്: യു.എസ് ഓപ്പൺ ഗ്രാൻഡ്സ്ലാം ടെന്നിസ് ടൂർണമെന്റിന്റെ വനിതാ ക്വാർട്ടറിൽ അമ്മയായ ശേഷം കോർട്ടിൽ തിരിച്ചെത്തിയ യു.എസ്.താരം സെറീന വില്യംസും ബൾഗേറിയൻ താരം സ്വെറ്റെന പിറൊങ്കോവയും തമ്മിലുള്ള പോരാട്ടത്തിന് കളമൊരുങ്ങി. 24-ാം ഗ്രാൻഡ് സ്ലാം കിരീടം തേടി കളത്തിലിറങ്ങിയിരിക്കുന്ന സെറീന വില്യംസ് ഗ്രീക്ക് താരം മരിയ സക്കാരിയെ 6-3,6-7,6-3ന് വീഴ്ത്തിയാണ് ക്വാർട്ടർ ഉറപ്പിച്ചത്. ആർതർ ആഷെ കോർട്ടിൽ സെറീനയുടെ 100-ാം വിജയമയിരുന്നു ഇത്.
ഇവിടെ ഏറ്റവും കൂടുതൽ വിജയം നേടിയ താരവും സെറീനയാണ്. 53-ാം തവണയാണ് സെറീന ഒരു ഗ്രാൻഡ് സ്ലാമിന്റെ ക്വാർട്ടറിൽ എത്തുന്നത്. ഫ്രഞ്ച് താരം അലിസെ കോർനെറ്റിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് പിറൊങ്കോവ ക്വാർട്ടറിൽ എത്തിയത്. സ്കോർ: 6-4,6-7,6-3.
അമ്മയായ ശേഷം കോർട്ടിൽ തിരിച്ചെത്തിയ മറ്റൊരുതാരം വിക്ടോറിയ അസരങ്കയും ക്വാർട്ടറിൽ എത്തിയിട്ടുണ്ട്. പ്രീക്വാർട്ടറിൽ ചെക്ക് താരം കരോളിന മുച്ചോവയെയാണ് അസരങ്ക വീഴ്ത്തിയത്. സ്കോർ: 5-7, 6-1,6-4. നവോമി ഒസാക്ക, എലിസെ മെർട്ടൻസ് എന്നിവരും അവസാന എട്ടിൽ ഇടം നേടി. പുരുഷ സിംഗിൾസിൽ ഡൊമിനിക്ക് തീം, ഡാനിൽ മെദ്വെദേവ്, ആന്ദ്രേ റൂബലേവ്, അലക്സാണ്ടർ സ്വെരേവ് എന്നിവരും ക്വാർട്ടറിലേക്ക് യോഗ്യതനേടി.
ബൊപ്പണ്ണ സഖ്യം പുറത്ത്
പുരുഷ ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. ക്വാർട്ടറിൽ ഇന്തോ - കനേഡിയൻ സഖ്യം രോഹൻ ബൊപ്പണ്ണ - ഡെന്നിസ് ഷാപ്പലോവ് സഖ്യം ഡച്ച് -റുമാനിയൻ ജോഡി ജീൻ ജൂലിയൻ റോജർ- ഹൊരേയ തെകാവു സഖ്യത്തോട് നേരിട്ടുള്ള സെറ്റുകളിൽ 5-7, 5-7ന് തോറ്റു. ഒരു മണിക്കൂർ 26 മിനിട്ട് മത്സരം നീണ്ടു. 2018ൽ ഫ്രഞ്ച് ഓപ്പണിലും യു.എസ് ഓപ്പണിലും ക്വാർട്ടറിൽ എത്തിയ ശേഷം ഗ്രാൻഡ്സ്ലാമിൽ ബൊപ്പണ്ണയുടെ ഏറ്രവും മികച്ച പ്രകടനമായിരുന്നു ഇത്തവണത്തേത്.
ലൈൻസ് ജഡ്ജിനെതിരെ സൈബർ ആക്രമണം:
പ്രതിഷേധവുമായി ജോക്കോവിച്ച്
ന്യൂയോർക്ക്: യു.എസ്. ഓപ്പണിൽ നിന്ന് ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ച് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ജോക്കോയടിച്ച പന്ത് കൊണ്ട ലൈൻ ജഡ്ജിനെതിരെ സൈബർ ആക്രമണം. പാബ്ലോ കാരാനോ ബുസ്റ്റയ്ക്കെതിരെയുള്ള പ്രീക്വാർട്ടർ മത്സരത്തിനിടെ ഒരു പോയിന്റിന് പിന്നിൽ നിൽക്കവെ ദേഷ്യത്തിൽ പുറത്തേക്കടിച്ച പന്ത് വനിതാ ലൈൻ ജഡ്ജിയുടെ കഴുത്തിൽ കൊണ്ടതിനെത്തുടർന്നാണ് ജോക്കോവിച്ചിനെ അയോഗ്യനാക്കിയത്. ഇതിന് പിന്നാലെ സെർബിയൻ മാദ്ധ്യമങ്ങൾ ലൈൻ ജഡ്ജിയുടെ ഇൻസ്റ്രഗ്രാം അക്കൗണ്ടും മറ്രു വിവരങ്ങളും വെളിപ്പെടുത്തിയിരുന്നു. ജോക്കോയുടെ അപ്രതീക്ഷിത പുറത്താകലിൽ നിരാശരായ അദ്ദേഹത്തിന്റെ ആരാധകർ ലൈൻ ജഡ്ജിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം അഴിച്ചു വിടുകയായിരുന്നു. എന്നാൽ വിവരമറിഞ്ഞ ജോക്കോവിച്ച് വനിതാ ജഡ്ജിനെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. ലൈൻ ജഡ്ജി സംഭവത്തിൽ നിരപരാധിയാണെന്നും ഒരു തെറ്രും ചെയ്തിട്ടില്ലെന്നും അവർക്കെരതിരായ അധിക്ഷേപങ്ങൾ അവസാനിപ്പിക്കണമെന്നും ജോക്കോവിച്ച് ആവശ്യപ്പെട്ടു. ലൈൻ ജഡ്ജിക്ക് ടെന്നീസ് ലോകത്തിന്റെ പിന്തുണ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.