കോഴിക്കോട്:ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം ഇന്ന് വിവിധ പരിപാടികളോടെ നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ വീടുകളിലായിരിക്കും ആഘോഷം. പീലിത്തിരുമുടിയും ഗോപിക്കുറിയും പീതാംബരവും ഓടക്കുഴലും വനമാലയുമായി കൃഷ്ണവേഷമണിഞ്ഞ ബാലികാ ബാലൻമാർ വീടുകളെ അമ്പാടിയാക്കും.
കുട്ടികൾ കൃഷ്ണ, ഗോപിക വേഷങ്ങളും മുതിർന്നവർ കേരളീയവേഷവുമണിയും. രാവിലെ മുറ്റത്ത് കൃഷ്ണപ്പൂക്കളം ഒരുക്കുന്നത് മുതൽ ആഘോഷം തുടങ്ങും. കണ്ണനൂട്ട്, അമ്പാടിക്കാഴ്ച്ചയൊരുക്കൽ , ഗോകുല പ്രാർത്ഥന, ഹരേരാമ മന്ത്രം, ഗോകുലഗീതം, എന്നിവയും വൈകിട്ട് ജന്മാഷ്ടമി ദീപക്കാഴ്ചയൊരുക്കി മംഗളശ്ലോകത്തോടെ പരിപാടികൾ സമാപിക്കും. തുടർന്ന് പ്രസാദവിതരണവും നടത്തും. വൈകീട്ട് 6.30ന് ഓൺലൈനായി നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രമുഖർ പങ്കെടുക്കും.