ന്യൂഡൽഹി : കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എൻ.ആർ.ഐ സീറ്റുകൾ ഒഴിച്ചിടുകയോ ,ജനറൽ വിഭാഗത്തിലേക്ക് മാറ്റുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവായി .
കേരളത്തിൽ നിന്ന് വിദ്യാർത്ഥികളില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എൻ.ആർ.ഐ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാം.
സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട പ്രോസ്പെക്ടസിൽ വാസസ്ഥല സർട്ടിഫിക്കറ്റ് (ഡൊമസൈൽ സർട്ടിഫിക്കറ്റ് ) ഹാജരാക്കുന്ന സംസ്ഥാനത്തെ എൻ.ആർ.ഐകൾക്ക് മാത്രം അഡ്മിഷൻ അനുവദിച്ചാൽ മതിയെന്ന മാനദണ്ഡങ്ങൾ ചോദ്യം ചെയ്തുള്ള സ്വകാര്യ മാനേജുമെന്റുകളുടെ ഹർജിയിലാണ് ഇടക്കാല ഉത്തരവ് . ഈ വർഷത്തേയ്ക്ക് മാത്രമാണ് ഉത്തരവ് ബാധകമെന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഹർജിയിൽ അന്തിമവാദം അടുത്തമാസം 13ലേക്ക് മാറ്റി. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 15 ശതമാനം സീറ്റുകളാണ് എൻ.ആർ.ഐ വിഭാഗത്തിലേക്ക് മാറ്റിവച്ചിരിക്കുന്നത്. ഒഴിവുള്ള എൻ.ആർ.ഐ സീറ്റുകളിൽ മാനദണ്ഡങ്ങൾ പാലിച്ച് മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകണമെന്ന ഇടക്കാല ഉത്തരവ് കഴിഞ്ഞ വർഷവും സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു.
ബാങ്ക് ഗാരന്റി ഇപ്പോൾ വേണ്ട
സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടുന്നവർ ബാങ്ക് ഗാരന്റി നൽകേണ്ടെന്ന് സർക്കാർ ഉത്തരവിറക്കിയതായി വിദ്യാർത്ഥികളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, ബാങ്ക് ഗാരന്റി ചോദ്യം ചെയ്തുള്ള ഹർജികളിൽ കോടതിയുടെ അന്തിമ തീർപ്പ് മാനേജ്മെന്റുകൾക്ക് അനുകൂലമാണെങ്കിൽ, ഗാരന്റി നൽകേണ്ടി വരുമെന്ന് വിദ്യാർത്ഥികളെ സർക്കാർ നേരത്തെ ധരിപ്പിച്ചിരിക്കണമെന്ന് കോടതി വ്യക്തമാക്കി. അതു വരെ ഗാരന്റി നൽകേണ്ടതില്ല
സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കൗൺസൽ ജി. പ്രകാശ് എന്നിവരും , മാനേജ്മെന്റുകൾക്ക് വേണ്ടി ശ്യാം ദിവാൻ, സുൽഫിക്കർ അലി , വിദ്യാർത്ഥികൾക്ക് വേണ്ടി രമേശ് ബാബു എന്നിവരും കോടതിയിൽ ഹാജരായി.