കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ജനം രോഗത്തെ മറന്നമട്ടാണ്. നിരത്തുകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം പേരിന് മാത്രമായി. സ്വകാര്യ ബസുകൾ നിരത്തുകളിൽ കുറവാണെങ്കിലും ഉള്ളതിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സ്വകാര്യ വാഹനങ്ങൾ റോഡിൽ സജീവമായതോടെ പല ടൗണുകളിലും ഗതാഗതക്കുരുക്ക് പഴയതുപോലെയായിട്ടുണ്ട്.നഗരത്തിൽ ഉൾപ്പെടെ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ എണ്ണവും കൂടി. സൂപ്പർ മാർക്കറ്റുകൾ, മത്സ്യചന്തകൾ, വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം തിരക്കോട് തിരക്കാണ്. ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നിട്ടും നിയന്ത്രങ്ങളെല്ലാം കാറ്റിൽപറത്തിയാണ് ജനങ്ങളുടെ സഞ്ചാരം. കുട്ടികൾ, പ്രായമായവർ എന്നിവർ പുറത്തിറങ്ങരുതെന്ന നിർദേശമൊന്നും ആരും ചെവികൊള്ളുന്നില്ല. വ്യാപാര കേന്ദ്രങ്ങളിൽ ഉൾപ്പെടെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പൊലീസ് അയഞ്ഞതോടെ എല്ലാം പഴയപടിയായി.
സാമൂഹിക അകലം കടലാസിൽ
ബസുകളിലും നിരത്തുക്കളിലും സമരങ്ങളിലും പ്രതിഷേധങ്ങളിലും സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. വ്യാപാര സ്ഥാപനങ്ങളിലടക്കം ജനം കൂട്ടമായി എത്തുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. പല സ്വകാര്യ ബസുക്കളിലും സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. ബസുകൾ കുറവായതിനാൽ യാത്രക്കാർ നിയന്ത്രണങ്ങളൊന്നും നോക്കാതെ തിങ്ങി ഞെരുങ്ങി യാത്ര ചെയ്യുകയാണ്. അതെ സമയം രാവിലെയും വൈകീട്ടുമാണ് തിരക്ക് കൂടുന്നതെന്ന് ബസ് തൊഴിലാളികൾ പറയുന്നത്.
നിയന്ത്രങ്ങൾ പാളുന്നു
പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടുന്നു
വ്യാപാര കേന്ദ്രങ്ങളിൽ ഹാൻഡ് വാഷ് കോർണറുകളില്ല
ഇടയ്ക്കിടെ കൈകൾ കഴുകുന്നത് ഉപേക്ഷിച്ചു
വീട്ടിലും വ്യക്തിശുചിത്വം കുറഞ്ഞു
ഓഫീസുകളിൽ മാസ്ക് ധരിക്കാതെ ജോലി ചെയ്യുന്നു