കൊച്ചി: സംസ്ഥാനത്ത് സമ്പർക്ക രോഗികൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാനുള്ള ആധുനിക സംവിധാനങ്ങൾ സജ്ജമാക്കി എറണാകുളം റീജിയണൽ പബ്ലിക്ക് ഹെൽത്ത് ലബോറട്ടറി. അതിവേഗത്തിൽ പരിശോധനാഫലങ്ങൾ ലഭ്യമാകുന്ന ക്ലോസ്ഡ് പി.സി.ആർ സംവിധാനമായ സിബി നാറ്റ് മെഷീൻ ഉൾപ്പെടെ ലബോറട്ടറിയിൽ ഒരുക്കിയിട്ടുണ്ട്. ഇതോടെ ഒരു മണിക്കൂറിനകം കൊവിഡ് പരിശോധനാഫലം കൃത്യതയോടെ അറിയാം. നിലവിൽ 20 വരെ പരിശോധന നടത്തിയിരുന്നിടത്ത് പുതിയ സംവിധാനത്തിൽ 150 പ്രതിദിന പരിശോധനകൾ നടത്താം.
ജോൺ ഫെർണാണ്ടസ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ ചെലവിട്ടാണ് മെഷീൻ സ്ഥാപിച്ചത്. എറണാകുളം, പാലക്കാട്, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ നിന്നുള്ള സാമ്പിളുകളാണ് ഇവിടെ പരിശോധിക്കുന്നത്. ആർ.ടി. പി.സി.ആർ, ആന്റിജൻ പരിശോധനകളും നടക്കുന്നുണ്ട്. എൻ.ആർ.എച്ച്.എം. പദ്ധതിയുടെ അടിസ്ഥാനത്തിൽ 20 ജീവനക്കാരെയും പരിശോധനയ്ക്കായി നിയോഗിച്ചു. നഗരത്തിൽ കോൺവെന്റ് ജംഗ്ഷനിൽ പബ്ലിക്ക് ലൈബ്രറിയുടെ രണ്ടാം നിലയിലാണ് ലോബോറട്ടറി.
ക്ലിനിക് പാത്തോളജി, ബയോകെമിസ്ട്രി, ഹോർമോൺസ് ആൻഡ് ട്യൂമർ മാർകേർസ്, സിറോളജി, മൈക്രോബയോളജി എന്നീ വിഭാഗങ്ങളായാണ് ലബോറട്ടറി പ്രവർത്തിക്കുന്നത്. പരിശോധനയ്ക്ക് ബി.പി.എൽ, മറ്റ് മുൻഗണനാ വിഭാഗങ്ങൾക്കും സൗജന്യമായും ഇതര വിഭാഗങ്ങൾക്ക് മിതമായ നിരക്കുമാണ് ടെസ്റ്റിന് ഈടാക്കുന്നത്. അതേസമയം നവജാത ശിശുക്കൾക്കൾക്കായി നടത്തുന്ന ന്യൂബോൺ സ്ക്രീനിംഗ് ടെസ്റ്റും ഇവിടെ ചെയ്യുന്നു. ഹോർമോൺ തകരാറുമൂലം ഭാവിയിലുണ്ടായേക്കാവുന്ന വിവിധതരം ആരോഗ്യ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ ന്യൂബോൺ സ്ക്രീനിംഗ് ടെസ്റ്റിലൂടെ കഴിയും. ഇതുവരെ 30000 പരിശോധനകൾ നടത്തിയിട്ടുണ്ട്.
പരിശോധന കൂടും
പുതിയ സംവിധാനത്തിലേക്ക് മാറ്റുന്നതോടെ കൂടുതൽ പരിശോധനകൾ കൃത്യമായി അറിയാൻ സാധിക്കും. നിലവിൽ ലാബിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് മുന്നോട്ടു പോവുന്നത്. കാൻസർ രോഗ നിർണയത്തിനുള്ള ആധുനിക പരിശോധനാ സംവിധാനം സജ്ജമാക്കണമെന്നാവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ടെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കാനായിട്ടുണ്ട്.
ഡോ. ഷൈല സാം
സീനിയർ മെഡിക്കൽ ഓഫീസർ
റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ്