ഇടുക്കി: ചെറുതോണി പാലത്തിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ ഉദ്ഘാടനത്തിന് തയ്യാറായതായി ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. മധുര കേന്ദ്രമായി പ്രവർക്കുന്ന കെ.എസ്.ആൻഡ് കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ഈ മാസം 14 മുതൽ ഒക്ടോബർ 1 വരെ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിന് ശേഷം കേന്ദ്രഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും.
പ്രളയത്തെ അതിജീവിക്കാൻ കഴിയുന്നതും ഇടുക്കി ഡാമിൽ നിന്നുള്ള അധിക ജലം ഒഴുക്കി വിടാൻ കഴിയും വിധവും ആധുനിക രീതിയിലാണ് പാലം രൂപകല്പന ചെയ്തിരിക്കുന്നത്. 2018ലെ പ്രളയത്തിലാണ് പാലം തകർന്നത്. 23.83 കോടി രൂപ രൂപയാണ് എസ്റ്റിമേറ്റ് തുക. 120 മീറ്റർ നിളവും ഇരുവശങ്ങളിലും നടപ്പാത ഉൾപ്പെടെ 18 മീറ്റർ വീതിയിലുമായി നിർമ്മിക്കുന്ന പാലത്തിന് 40 മീറ്റർ നീളത്തിൽ 3 സ്പാനുകളുണ്ടായിരിക്കും. ആധുനിക രീതിയിലുള്ള കൈവരിയും ക്രാഷ് ബാരിയറും ഇരു വശങ്ങളിലും ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കുന്നതിനുള്ള പ്രത്യേക ഭാഗവും ഉൾപ്പെട്ടിട്ടുണ്ട്. 90 മീറ്റർ വീതമുള്ള 2 അപ്രോച്ച് റോഡിലും പാലത്തിന്റെ ഇരുവശങ്ങളിലും സോളാർ ലൈറ്റുകളും സ്ഥാപിക്കും.