ടെഹ്റാൻ: ജലവിതരണ കമ്പനിയിലെ സുരക്ഷാ ഗാർഡിനെ കുത്തിക്കൊന്ന കേസിൽ ഗുസ്തി ചാംപ്യൻ നവീദ് അഫ്കാരിയെ (27) തൂക്കിക്കൊന്നതിൽ ഇറാനെതിരെ പ്രതിഷേധം കനക്കുന്നു. ആഗോള തലത്തിൽ ഉയർന്ന എതിർപ്പ് അവഗണിച്ചാണ് ഇറാൻ കഴിഞ്ഞദിവസം രഹസ്യമായി നവീദിന്റെ വധശിക്ഷ നടപ്പാക്കിയത്. സംഭവത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഞെട്ടൽ രേഖപ്പെടുത്തി. ലോകത്തെ ആയിരക്കണക്കിന് അത്ലറ്റുകളുടെ അപേക്ഷ ഇറാൻ തള്ളിയത് മനുഷ്യത്വരഹിതമാണെന്നും കമ്മിറ്റി അറിയിച്ചു. രഹസ്യമായി വധശിക്ഷ നടപ്പാക്കിയത് ഭീകരമായ അവസ്ഥയാണെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ പ്രതികരിച്ചു.
ഗ്രീക്കോ റോമൻ ഗുസ്തിയിലെ സൂപ്പർതാരമായിരുന്നു നവീദ്.
2018ൽസാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാന്റെ തെക്കൻ പട്ടണമായ ഷിറാസിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടയിൽ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തി കൊലപ്പെടുത്തിയതായാണ് കേസ്.സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് കൊലപാതകി നവീദാണെന്ന് മനസിലായതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ നവീദ് കുറ്റസമ്മതം നടത്തുന്ന വീഡിയോ ടെലിവിഷനിലൂടെ ഇറാൻ പുറത്തുവിട്ടിരുന്നു. അതേസമയം, യാതൊരു തെളിവുമില്ലാതെയാണ് നവീദിന്റെ വധശിക്ഷ നടപ്പാക്കിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്നെ മർദ്ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് നവീദ് പറഞ്ഞതായി കുടുംബം ആരോപിച്ചു. ഇതേ കേസിൽ നവീദിന്റെ സഹോദരങ്ങളായ വഹീദ് 54 വർഷവും ഹബീബ് 27 വർഷവും തടവുശിക്ഷ അനുഭവിച്ചുവരികയാണ്.
ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകർ, കായികതാരങ്ങൾ എന്നിവർ നവീദിന്റെ മോചനത്തിനായി ശബ്ദമുയർത്തിയിരുന്നു. വധശിക്ഷ നടപ്പാക്കിയാൽ ഇറാനെ ലോക കായിക വേദിയിൽനിന്ന് വിലക്കണമെന്ന് 85,000 കായികതാരങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടിരുന്നു.
നവീദിനെ വധിക്കരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ ആവശ്യത്തിന് കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ വീഡിയോ പുറത്തുവിട്ടാണ് ഇറാൻ മറുപടി നൽകിയത്.