കോഴിക്കോട്: പുരുഷന്മാരുടെ കുത്തകയായിരുന്ന ജ്യോതിഷം,വാസ്തുവിദ്യ, പൂജകൾ എന്നീ മേഖലകളിലെ കോഴിക്കോട്ടെ സ്ത്രീ സാന്നിധ്യമാണ് തൃശൂരുകാരിയായ രാധ. സ്കൂൾ കാലം തൊട്ട് തുടങ്ങിയതാണ് ജ്യോതിഷത്തോടുള്ള രാധയുടെ ചങ്ങാത്തം. ജ്യോതിഷത്തിൽ മാത്രമല്ല, വാസ്തുവിദ്യയിലും തന്റേതായ ഒരിടമുണ്ട് രാധയ്ക്ക്. ജോതിഷ്യത്തിൽ ഗുരു ആരെന്ന് ചോദിച്ചാൽ പുസ്തകങ്ങളെ ചൂണ്ടിക്കാട്ടും. ഭാരതീയ വിദ്യാഭവനിൽ നിന്ന് രണ്ടു വർഷത്തെ കോഴ്സ് പൂർത്തിയാക്കുന്നതിനു മുമ്പേ വീട്ടിൽ ജ്യോതിഷം നോക്കി തുടങ്ങിയിട്ടുണ്ട്. കുട്ടിക്കാലത്ത് ബന്ധുക്കളുടെ കൈരേഖ നോക്കി ഫലം പറയാറുണ്ടായിരുന്നു. കുട്ടികൾക്ക് പരീക്ഷയുടെ ചോദ്യങ്ങൾ മുൻകൂട്ടി പറഞ്ഞു കൊടുക്കുന്നത് തമാശയായി മാത്രമെ കണ്ടിരുന്നുള്ളൂ. അന്നൊന്നും ജ്യോതിഷത്തിലേക്കുള്ള ചവിട്ടിപടിയാണെന്ന് കരുതിയതേയില്ല. ബാല്യത്തിൽ ക്ഷേത്രങ്ങളിലും മറ്റും പോകുമ്പോൾ സഹോദരൻമാർ കഥാ പുസ്തകങ്ങളും കവിതകളും തിരഞ്ഞെടുക്കുമ്പോൾ രാധ ബുക്ക് സ്റ്റാളുകളിൽ തിരഞ്ഞത് നിമിത്ത ശാസ്ത്രവും ജ്യോതിഷ പുസ്തകങ്ങളുമായിരുന്നു. ജ്യോതിഷത്തിന് രാധയുമായി ഒരു രക്തബന്ധം കൂടിയുണ്ട്. പിതാവ് ജ്യോതിഷം പഠിച്ചയാളായിരുന്നു. പക്ഷെ, വിവാഹശേഷമാണ് വാസ്തു, ജ്യോതിഷം, പൂജ എന്നിവയിലെല്ലാം ആഴത്തിലുള്ള പഠനം നടക്കുന്നത്. മക്കളുടെ ഭാവി അറിയാനുള്ള പ്രത്യേക താത്പര്യമാണ് ജ്യോതിഷത്തിലേക്ക് കൂടുതൽ അടുപ്പിച്ചത്. ഭർത്താവിന് വേണ്ടിയാണ് ആദ്യ കവടി നിരത്തിയത്. പിന്നീട് കുട്ടികളുടെ ജാതകം തയ്യാറാക്കി.
കോഴിക്കോട്ടെ ടി.ഡി ബാലഗോപാല പ്രഭുവാണ് വാസ്തുവിദ്യയിൽ ഗുരുനാഥൻ. പഠിക്കുന്ന സമയത്ത് സമൂഹത്തിൽ നിന്ന് ഏറെ പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അതിലൊന്നും മനസ്സ് തളർന്നില്ല. കുറ്റിയടി കർമ്മങ്ങൾക്കൊന്നും പോവാറില്ലെങ്കിലും ഫോണിലൂടെയും നേരിട്ടും നിർദ്ദേശങ്ങൾ നൽകാറുണ്ട്. പുറത്തുപോയി പൂജകളും നടത്താറില്ല. ഈ ലോക്ക് ഡൗൺ കാലത്ത് നൂറുകണക്കിന് പേരാണ് വിളിച്ചിരുന്നത്. ഇപ്പോഴും വിളിക്കുന്നു.ജ്യോതിഷത്തിലും വാസ്തുവിദ്യയിലും കുടുംബത്തിന്റെ പൂർണ പിന്തുണയാണ് രാധയുടെ കരുത്ത്. കോഴിക്കോട് സ്വദേശി ലീലാധരനാണ് ഭർത്താവ്. മക്കൾ: വിഷ്ണു, ലക്ഷ്മി.