'മനുഷ്യ ജീവിതത്തെ സ്വസ്ഥവും ശാന്തവും സുരക്ഷിതവുമാക്കുന്നത് അവൻ ജീവിക്കുന്ന ചുറ്റുപാടുകളും അടിസ്ഥാനസൗകര്യങ്ങളുമാണ്. ശുദ്ധവായു, ജലം, ഭക്ഷണം എന്നിവ ലഭിക്കേണ്ടത് ഏതൊരു പൗരന്റെയും ജന്മാവകാശമാണ്'. കുഴൽക്കിണർ കുഴിച്ച് ഭൂഗർഭജലം ഊറ്റിയെടുക്കുമ്പോഴും കടലിൽ നിന്ന് അനിയന്ത്രിതമായി മീൻപിടിക്കുമ്പോഴും മണലെടുത്ത് പുഴകളെ വറ്റിക്കുമ്പോഴും കുന്നിടിച്ച് നിരത്തുമ്പോഴും ഓർമ്മയിലുണ്ടാകണം, ഇതൊന്നും ആരുടേയും സ്വകാര്യ സ്വത്തല്ല, ഈ കാണുന്നതെല്ലാം വരും തലമുറകൾക്കു കൂടി പങ്കുവയ്ക്കേണ്ട ബാദ്ധ്യത നമുക്കുണ്ടെന്ന്.
ഇ.ഐ.എ 2020 കരട് വിജ്ഞാപനത്തെ സംബന്ധിച്ച് രാജ്യവ്യാപകമായി ചർച്ചകൾ പുരോഗമിക്കുമ്പോഴും പശ്ചിമഘട്ട മലനിരകളിൽ ഉൾപ്പെടെ, അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾ വലിയ ആശങ്കയുയർത്തുന്നുണ്ട്. നിയമം നടപ്പായാൽ പശ്ചിമഘട്ടത്തിന്റെ ഭാഗവും അതീവ ദുർബല ജൈവവൈവിദ്ധ്യ പ്രദേശവുമായ നെല്ലിയാമ്പതി മലനിരകൾക്ക് ഇതൊരു ചാവുമൊഴിയാകുമെന്നാണ് വിലയിരുത്തൽ.
ജൈവ ശോഷണം ഇരട്ടിയാകും
പാട്ടത്തിന് നൽകിയ വനഭൂമികൾ തോട്ടം മേഖലയായി നിലനില്ക്കുമ്പോൾ തന്നെ കാടിന്റെ പൊതുസ്വഭാവത്തിന് ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. ഇതുതന്നെയാണ് നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതും. പരിസ്ഥിതി നിയമങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകുന്ന ഇ.ഐ.എ നടപ്പായാൽ നെല്ലിയാമ്പതിയിലെ വിനോദ സഞ്ചാര സാദ്ധ്യതകൾ അമിതമായി ചൂഷണം ചെയ്യപ്പെടും. ഇപ്പോൾത്തന്നെ തോട്ടം മേഖലയിൽ പലരും അംഗീകൃതവും അനധികൃതവുമായി ടൂറിസം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി മേഖലയിൽ മാലിന്യപ്രശ്നവും രൂക്ഷമാണ്. പ്ലാസ്റ്റിക് നിക്ഷേപം അനുദിനം വർദ്ധിച്ചതാണ് പ്രധാന പ്രശ്നം. കൂടുതൽ വികസന പ്രവർത്തനങ്ങൾ വരുന്നതോടെ വനഭൂമി വലിയ തോതിൽ നഷ്ടമാകും. അടിസ്ഥാന സൗകര്യങ്ങളും ടൂറിസം അനുബന്ധ വികസനങ്ങളും യാഥാർത്ഥ്യമാകുന്നതോടെ നെല്ലിയാമ്പതിയും മൂന്നാർ പോലെ കേവല ഇക്കണോമിക് ടൂറിസം സ്പോട്ടായി മാറും. അനധികൃതമായ കുന്നിടിക്കലും മരംമുറിക്കലും നെല്ലിയാമ്പതിയിലെ കാലാവസ്ഥയെ പ്രതികൂലമായി ബാധിച്ചതായി പഠനങ്ങൾ തെളിയിക്കുന്നു. പൊതുവിൽ ചൂട് കൂടുതലായ പാലക്കാട് ജില്ലയ്ക്ക് അല്പമെങ്കിലും തണലേകുന്നത് ഈ മലനിരകളാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നഗരം 40 ഡിഗ്രിയിൽ ചുട്ടുപൊള്ളുമ്പോഴും നെല്ലിയാമ്പതി കുളിരണിഞ്ഞ് നിൽക്കുമെന്നത് ആശ്വാസകരമായിരുന്നു. കോർപ്പറേറ്റ് ഭീമന്മാർ നെല്ലിയാമ്പതിയിലെ ജൈവസമ്പത്തിനെ ലക്ഷ്യമാക്കി എത്തിയാൽ ഇതെല്ലാം ഭൂതകാലത്തിന്റെ ഒാർമകൾ മാത്രമാകും. നെല്ലിയാമ്പതി താഴ്വരയിൽ നിലവിൽ ചെറുതും വലുതുമായ പത്തോളം ക്വാറികളാണ് പ്രവർത്തിക്കുന്നത്. പാരിസ്ഥിതികആഘാത പഠനം പോലും നടപ്പാക്കാതെ ഫാക്ടറികൾക്ക് പ്രവർത്തനാനുമതി നൽകുന്നതോടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകും.
ചുരംപാതകളെ തേടി
വൻദുരന്തങ്ങൾ
അശാസ്ത്രീയ റോഡ് നിർമ്മാണത്തിന്റെ ഭാഗമായാണ് പലയിടത്തും ഉരുൾപൊട്ടൽ പതിവാകുന്നത്. കഴിഞ്ഞ പ്രളയത്തിൽ നെല്ലിയാമ്പതി - നെന്മാറ പാതയിൽ 80സ്ഥലങ്ങളിലാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. ഇപ്പോഴത് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 250 കോടി ചെലവഴിച്ചാണ് നവീകരിച്ചത്.
വനമേഖലയിലെ പാറകൾ 90 ഡിഗ്രി കുത്തനെ മുറിച്ചു മാറ്റിയാണ് പലയിടത്തും റോഡ് നവീകരിച്ചത്. ഇത് കൂടുതൽ ദുരന്തങ്ങൾക്ക് ഇടയാക്കും. മരങ്ങളും വലിയപാറകളും റോഡിലേക്ക് വീഴാനുള്ള സാദ്ധ്യത കൂടുതലാണ്. വലിയ വിസ്തൃതിയുള്ള ഭൂപ്രകൃതി മൊട്ടപ്പാറയായി മാറുന്ന അവസ്ഥയിലേക്ക് നീങ്ങും. ഒരിക്കലും വീണ്ടെടുക്കാൻ കഴിയാത്തവിധം നെല്ലിയാമ്പതിയെ നമുക്ക് നഷ്ടമാകും.
നിത്യസന്ദർശനത്തിന്
കാട്ടാനകളും കടുവകളും
വനഭൂമി ഏറ്റെടുത്ത് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതോടെ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവാകും. നിലവിൽ ചുരംപാതയിൽ വല്ലപ്പോഴും മാത്രമാണ് ഒറ്റയ്ക്കോ കൂട്ടമായോ കാട്ടാനകളെ കാണുന്നത്. ഇനിയത് നിത്യസംഭവമാകും. കാട്ടാനകളും പിന്നീട് കടുവയും പുലിയും തോട്ടം മേഖലകളിലേക്ക് ഇറങ്ങിവരും. ഇത് മനുഷ്യരുടെ സ്വൈര്യജീവിതവും സ്വസ്ഥതയും നശിപ്പിക്കുകയും ജീവിതത്തിന് ഭീഷണി ഉയർത്തുകയും ചെയ്യും.
ശബ്ദമുയർത്താൻ ആളില്ല
തോട്ടം മേഖലയായ നെല്ലിയാമ്പതിയിൽ ജനസംഖ്യ വളരെ കുറവാണ്. നെന്മാറയിലെ രണ്ടുവാർഡുകളിലെ ജനസംഖ്യയുടെ അത്രയും പോലും നെല്ലിയാമ്പതി പഞ്ചായത്തിലുണ്ടാകില്ല. ജനസാന്ദ്രതയിൽ കൂടുതലും ഫ്ലോട്ടിംഗ് പോപ്പുലേഷനാണ്. അന്യനാട്ടിൽ നിന്നെത്തി ജോലിചെയ്യുന്നവർ. ഇവർ സ്ഥരതാമസക്കാരല്ലാത്തതിനാൽ നെല്ലിയാമ്പതിയിലെ പാരിസ്ഥിതിക പ്രശ്നങ്ങളിൽ ശബ്ദമുയർത്താൻ തയ്യാറാകില്ല. സ്ഥിര താമസക്കാരിൽ ഭൂരിഭാഗവും തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരും ആയതിനാൽ അവർക്കും ഇതിനൊന്നും സമയം കിട്ടാറില്ല. പരിസ്ഥിതി സംരക്ഷണം എന്നത് ആക്ടിവിസ്റ്റുകളുടെ മാത്രം ചുമതലയല്ല മറിച്ച് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന ബോദ്ധ്യമാണ് ആദ്യം ഉണ്ടാകേണ്ടത്.
എങ്ങനെ പ്രതിരോധിക്കാം
കരട് വിജ്ഞാപനം നിയമമാകുന്നതോടെ അതിശക്തൻമാരായ കോർപ്പറേറ്റുകളിൽ പലരും നെല്ലിയാമ്പതിയെ ലക്ഷ്യം വച്ച് കടന്നുവരും. പ്രകൃതി ചൂഷണം തടയാൻ ഇനിയെന്ത് ചെയ്യാം എന്നാണ് ചിന്തിക്കേണ്ടത്. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്ത് വനഭൂമിയായി തന്നെ നിലനിറുത്തിയാൽ ഒരു പരിധിവരെ നെല്ലിയാമ്പതിയുടെ ജീവൻ നിലനിറുത്താം. വനം എന്ന പദവി നിലനിൽക്കുമ്പോൾ അവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകും. കേവല രാഷ്ട്രീയം മാറ്റിനിറുത്തി പരിസ്ഥിതി സംരക്ഷണത്തിനായി സംസ്ഥാന സർക്കാരും പ്രതിപക്ഷപാർട്ടികളും വിഷയത്തിൽ ഇടപെടേണ്ടത് അനിവാര്യമാണ്.