സുൽത്താൻ ബത്തേരി: ബത്തേരി പട്ടണത്തോട് ചേർന്ന കട്ടയാട് പ്രദേശത്തെ ജനങ്ങൾ കടുവ ഭീതിയിൽ. കഴിഞ്ഞ ദിവസം കടുവയുടെ മുന്നിൽപ്പെട്ട മൂന്ന് പേർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. റോഡ് മുറിച്ചുകടക്കുന്നതിനായി കടുവ തൊട്ടടുത്ത തോട്ടത്തിൽ നിന്ന് റോഡിലേക്ക് എടുത്തുചാടിയത് വഴിയാത്രക്കാരായ മൂന്ന് പേരുടെ നടുവിലേക്കായിരുന്നു. ഇവർ ജീവനും കൊണ്ട് ഓടിയതിനാൽ രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് എട്ട് മണിയോടെയായിരുന്നു സംഭവം.ബത്തേരി പട്ടണത്തിൽ നിന്ന് വെറും അര കിലോമീറ്റർ ദൂരെയാണ് ഈ സ്ഥലം. കടുവയുടെ സാന്നിദ്ധ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് ഇവിടെ ഉണ്ട്. കർഷകരുടെ നിരവധി വളർത്തു മൃഗങ്ങളെ ഇതിനകം കാണാതായിട്ടുണ്ട്.ഞായറാഴ്ച വൈകുന്നേരം പുല്ലരിയാൻ പോയ സ്ത്രീകൾ അസാധാരണമായ ശബ്ദം ഇവിടെയുള്ള തോട്ടത്തിൽ നിന്ന് കേട്ടിരുന്നു. കടുവയോ പുലിയോ ഇറങ്ങിട്ടുണ്ടെന്ന് ഇവർ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ആരും കാര്യമായെടുത്തില്ല. ഇന്നലെ സ്ഥലത്തെത്തിയ വനം വകുപ്പ് മണ്ണിൽ പുതഞ്ഞ് കിടക്കുന്ന കാൽപാടുകൾ പരിശോധിച്ച് കടുവയാണെന്ന് ഉറപ്പ് വരുത്തുകയും ജനങ്ങളോട് ജാഗ്രതയോടെ ഇരിക്കാൻ നിർദേശിക്കുകയും ചെയ്തു.