പ്രവൃത്തി ചേലേമ്പ്ര ഇടിമുഴിക്കൻ
മുതൽ കാപ്പിരിക്കാട് വരെ
മലപ്പുറം: യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനും ഗതാഗത കുരുക്ക് പരിഹരിക്കാനുമായി ദേശീയ പാതയിൽ 117 കോടി രൂപയുടെ വികസന പ്രവൃത്തി നടപ്പാക്കുന്നു. ഇതുവരെ നടപ്പാക്കിയ ദേശീയ പാത വികസനവും ട്രാഫിക് പരിഷ്കാരവും വാഹനാപകടങ്ങൾ ഗണ്യമായി കുറച്ച പശ്ചാത്തലത്തിലാണ് 117 കോടി രൂപയുടെ നവീകരണ പ്രവൃത്തി കൂടി നടത്തുന്നത്.
ജില്ലാ അതിർത്തിയായ ഇടിമുഴിക്കൽ മുതൽ തൃശൂർ ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് വരെയാണ് 117 കോടി വിനിയോഗിച്ചുള്ള ദേശീയ പാത വികസനം. ഇടിമുഴക്കൽ മുതൽ കൂരിയാട് പാലം വരെ 19.5 കോടിയുടെയും കൂരിയാട് പാലം മുതൽ എടരിക്കോട് ജംഗ്ഷൻ വരെ 15 കോടിയുടെ വികസനവും എടരിക്കോട് ജംഗ്ഷൻ മുതൽ കുറ്റിപ്പുറം പാലം വരെ 35 കോടി ചെലവിലും കുറ്റിപ്പുറം പാലം മുതൽ കാപ്പിരിക്കാട് വരെ 47 കോടി രൂപയുടെ പ്രവൃത്തിയും നടത്തും. റീടാറിംഗ് അടക്കമുള്ള പ്രവൃത്തികൾ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. ടെൻഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ചതിനാൽ മഴ മാറിയാൽ ഉടൻ പ്രവൃത്തി തുടങ്ങാനാണ് തീരുമാനം. കഴിഞ്ഞ വർഷം നടത്തിയ നവീകരണ പ്രവൃത്തിക്ക് പുറമെയാണ് ഇനിയുള്ള വികസന പ്രവർത്തനങ്ങൾ.
ദേശീയപാതയിൽ ജില്ലാ അതിർത്തിയായ ഇടിമുഴിക്കൽ മുതൽ സ്പിന്നിംഗ് മില്ല് വരെയുള്ള ഭാഗത്തെ റോഡ് ഇതിനകം വീതി കൂട്ടിയതോടുകൂടി ഈ ഭാഗത്തെ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഏറെ പരിഹാരം കാണാനായിട്ടുണ്ട്. 50 ലക്ഷം രൂപ വിനിയോഗിച്ചാണ് ഈ പ്രവൃത്തി നടത്തിയത്. കൂടാതെ 40 ലക്ഷം രൂപ ചെലവിൽ ചേളാരി ജംഗ്ഷൻ നവീകരണവും പൂർത്തിയാക്കി. ഗതാഗതക്കുരുക്കിന് പേരുകേട്ട ചേളാരി ടൗണിൽ ദേശീയ പാത വികസന പ്രവൃത്തിയും ട്രാഫിക് പരിഷ്കരണവും നടപ്പാക്കിയതിനാൽ പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിച്ചിട്ടുണ്ട്. തലപ്പാറ മുതൽ കൊളപ്പുറം വരെ റോഡരുകിലെ പാറ വെട്ടി താഴ്ത്തി റോഡ് വീതി കൂട്ടി 30 ലക്ഷം രൂപയുടെ പ്രവൃത്തിയും നടത്തിയിട്ടുണ്ട്. കൂരിയാട് ജംഗ്ഷൻ, വെന്നിയൂർ ജംഗ്ഷൻ എന്നിവിടങ്ങളിലും നവീകരണവും നടത്തിയിരുന്നു.
അപകടമേഖലയായ കക്കാട് മുതൽ പൂക്കിപ്പറമ്പ് വരെയുള്ള അഞ്ച് കിലോമീറ്ററിൽ ദൂരത്തിൽ റോഡ് വീതി കൂട്ടിയതോടെ ഈ ഭാഗത്തെ അപകടങ്ങളും കുറഞ്ഞിട്ടുണ്ട്. ഈ മേഖലയിൽ റോഡ് വീതികൂട്ടിയതോടു കൂടി കാൽ നടയാത്രക്കാർ ഉൾപ്പടെയുള്ളവർക്ക് ഏറെ സഹായകരമായി. കാൽനടയാത്രക്കാർക്ക് നടന്നുപോകാൻ ഏറെ പ്രയാസമുള്ള മേഖലയായിരുന്നു ഇത്. വെന്നിയൂർ ജംഗ്ഷനിലെ വികസനത്തോടൊപ്പം പ്രദേശത്തെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും ചെയ്തു. വീതി കൂടിയതോടെ കാലങ്ങളായി ഈ ഭാഗത്തുള്ള ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമുണ്ടാക്കാനും കഴിഞ്ഞു. ഇടിമുഴിക്കൽ മുതൽ കാപ്പിരിക്കാട് വരെ ദേശീയ പാത വീണ്ടും നവീകരിക്കുന്നതോടെ ഗതാഗത പ്രശ്നങ്ങൾക്ക് പൂർണമായും പരിഹാരമാകും. ഒപ്പം കൂടുതൽ സുരക്ഷിത യാത്രയും സാദ്ധ്യമാവും.