നിലമ്പൂർ: നിലമ്പൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ബസ് ഓൺ ഡിമാൻഡ് സർവീസ് ആരംഭിക്കുന്നു. വഴിക്കടവിൽ നിന്ന് മലപ്പുറത്തേക്കും തിരിച്ചുമാണ് സർവീസ് നടത്തുന്നത്. സ്ഥിരമായി ഓഫീസ് യാത്രകൾക്ക് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്ന സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ ലക്ഷ്യമിട്ടാണ് പദ്ധതി.
ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പായിരിക്കും. അവരവരുടെ ഓഫീസിന് മുന്നിൽ നിന്ന് യാത്രക്കാരെ ബസിൽ ഇറക്കുകയും കയറ്റുകയും ചെയ്യും. എല്ലാ യാത്രക്കാർക്കും സാമൂഹ്യ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കൊവിഡ് നിബന്ധനകൾ പൂർണമായും പാലിച്ച് അണുവിമുക്തമാക്കിയ ബസുകളാണ് ബോണ്ട് സർവീസിനായി ഉപയോഗിക്കുന്നത്. യാത്രക്കാരുടെ ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്നതിന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിൽ ഇരുചക്ര വാഹനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുവാനുള്ള സൗകര്യമുണ്ടായിരിക്കും. ഈ സർവീസുകളിൽ 10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുൻകൂറായി അടച്ച് യാത്രക്കുള്ള ബോണ്ട് ട്രാവൽ കാർഡുകൾ ഡിസ്കൗണ്ടോടു കൂടി കൈപ്പറ്റാം. കെ.എസ്.ആർ.ടി.സി നിലമ്പൂർ ഡിപ്പോയിൽ ബുക്കിംഗ് ആരംഭിച്ചു. താത്പര്യമുള്ളവർക്ക് 9188526755, 9446800623 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.