പള്ളിക്കൽ : വാഴയില വെറുതെ കളയരുതേ. മികച്ച വരുമാനമാർഗമാണത്. സംശയമുണ്ടെങ്കിൽ ചെറു കുന്നം കൊച്ചുവിളയിൽ അരവിന്ദാക്ഷനോടു ചോദിക്കൂ. വാഴയില വിറ്റ് ഒരു മാസം 28000 രൂപയോളം വരുമാനം നേടുന്ന കർഷകനാണ്. വാഴക്കുലയിൽ നിന്നുള്ള വരുമാനത്തിന് പുറമേയാണിത്.
െൈകതക്കലിൽ പാട്ടത്തിനെടുത്ത 3 ഏക്കർ 20 സെന്റ് സ്ഥലത്താണ് അഞ്ച് വർഷം മുമ്പ് അരവിന്ദാക്ഷൻ ഞാലിപ്പൂവൻ കൃഷി തുടങ്ങിയത്. 1250 വാഴവിത്തുകളാണ് നട്ടത്. വളമായി ചാണകവും കരിയിലയും കൂടാതെ രാസവളവും . ഒരു വർഷം ശരാശരി ആയിരം വാഴക്കുലകൾ വിൽക്കും. ഒരു വാഴയിൽ നിന്ന് 10 കിലോ മുതൽ 15 കിലോ വരെ തൂക്കം വരുന്ന കുലകൾ ലഭിക്കും . കിലോക്ക് 35രൂപ നിരക്കിൽ വാഴക്കുലയിൽ നിന്ന് ഒരുവർഷത്തെ ശരാശരി വരുമാനം 3,50, 000 . അഞ്ച് വർഷം കൊണ്ട് 18 ലക്ഷത്തിലധികം രൂപയുടെ വാഴക്കുല വിറ്റു. വാഴക്കന്ന് കിളച്ചു കളയാത്തതിനാൽ ഒരു മൂട്ടിൽ അഞ്ചും ആറും വാഴയായി. രണ്ടും മൂന്നും കുലകളും ലഭിക്കുന്നു.
ഒരു വർഷത്തെ വി ള െവടുപ്പ് കഴിഞ്ഞപ്പോഴാണ് ഇല വിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഒരു വാഴയിൽ നിന്നും അതിന്റെ കുട്ടി വാഴയിൽ നിന്നുംകൂടി ശരാശരി 7 ഇല കിട്ടും. ഒരു ഇലയ്ക്ക് 4 രൂപ. ഒരു മാസം ഇല വിറ്റ് 28000 രൂപ വരെ ലഭിച്ചിട്ടുണ്ട്. കാറ്ററിംഗ് യൂണിറ്റ് നടത്തുന്നവരും ഹോട്ടലുകാരുമാണ് പ്രധാന ആവശ്യക്കാർ. കല്യാണ ആവശ്യത്തിനും മറ്റും വീട്ടുകാരും ഇല വാങ്ങാനെത്തും. . ഒരുമാസം കൂടുമ്പോൾ ഇല മുറിക്കും. 25000 രൂപയിൽ കുറയാതെ വരുമാനം ഉറപ്പ് . വേനൽക്കാലത്ത് രണ്ട് മാസം ഇല മുറിക്കില്ല. . തുടക്കത്തിൽ കൃഷിച്ചെലവ് 1,50000 രൂപയായി.പിന്നീട് വളത്തിന്റെ ചെലവേയുള്ളു. 400 മൂട് പറങ്കിമാവിൻ തൈകൾ , 200 മൂട് പ്ലാവ് . 50 മൂട് റമ്പൂട്ടാൻ എന്നിവയും ഇപ്പോൾ കൃഷി ചെയ്തിട്ടുണ്ട്.
'' ഏത്തവാഴ കൃഷിയെക്കാൾ പരിചരണവും ചെലവും കുറവാണ് ഞാലിപ്പൂവൻ വാഴ കൃഷിക്ക് . വിത്ത് പിരിച്ചുമാറ്റി നടാതിരുന്നാൽ ഒരു വർഷത്തിനു ശേഷം ഒരു മൂട്ടിൽ നിന്നുതന്നെ മൂന്നും നാലും കുലകൾ ലഭിക്കും. വാഴയില വിറ്റും ലാഭം നേടാം '' .
അരവിന്ദാക്ഷൻ
വരുമാനം ഇങ്ങനെ
വാഴയില വിറ്റ് ഒരു മാസം 28000 വരെ.
വാഴക്കുലയിൽ നിന്ന് ഒരു വർഷം 3,50,000 വരെ