തിരുവനന്തപുരം: കാർഷിക ബില്ലുകൾക്കെതിരായ കർഷക പ്രക്ഷോഭത്തിന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെ പിന്തുണ. നാളെ നടക്കുന്ന കർഷകസമരം വിജയിപ്പിക്കാനഭ്യർത്ഥിച്ച് എക്സിക്യൂട്ടീവ് യോഗം പ്രമേയം പാസാക്കി. ഉടമ്പടി ബില്ലും അവശ്യ വസ്തു നിയമ ഭേദഗതി ബില്ലും രാജ്യത്തെ കാർഷിക മേഖലയെ പൂർണമായും കോർപറേറ്റ് കമ്പനികൾക്ക് കൈമാറുന്നതിന് ഉദ്ദേശിച്ചുള്ളതാണെന്ന് പ്രമേയം കുറ്റപ്പെടുത്തി. ഡോ. എം.എസ്. സ്വാമിനാഥൻ കമ്മിഷൻ ശുപാർശ ചെയ്ത താങ്ങുവില നടപ്പാക്കുമെന്ന് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം നൽകിയെങ്കിലും ബില്ലിൽ ഉൾപ്പെടുത്തിയില്ല. യോഗത്തിൽ വി. ചാമുണ്ണി അദ്ധ്യക്ഷത വഹിച്ചു. കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, കെ.ഇ. ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു.