തിരുവല്ല: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വാടക വീടുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ച് കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്തിരുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. കാഞ്ഞിരപ്പള്ളി കൊടുങ്ങൂർ തട്ടാപ്പറമ്പിൽ വീട്ടിൽ സജി (38) ആണ് പിടിയിലായത്. കോട്ടയം നാഗമ്പടത്ത് നിന്ന് തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പൻ, സി.ഐ വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കേസിലെ ഒന്നാംപ്രതിയും സജിയുടെ പിതൃസഹോദര പുത്രനുമായ കാഞ്ഞങ്ങാട് സ്വദേശി ഷിബു പൊലിസ് എത്തുന്നതറിഞ്ഞ് രക്ഷപ്പെട്ടു. ഇവരെ കൂടാതെ 4 പേർ കൂടി കേസിൽ പ്രതികളായുണ്ട്. തിരുവല്ല കുറ്റപ്പുഴയിലെ ഹോംസ്റ്റേയിൽ താമസിച്ച് കള്ളനോട്ട് നിർമ്മിച്ച് വിതരണം ചെയ്ത സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സജി പിടിയിലായത്. ഇന്റലിജന്‍സ് വിഭാഗം ഇത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. നോട്ട് അച്ചടിക്കാൻ ഉപയോഗിക്കുന്ന പ്രിന്ററും പേപ്പറുകളും സജിയിൽ നിന്ന് പിടിച്ചെടുത്തു. കുട്ടികളും സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 12അംഗ സംഘം കുറ്റപ്പുഴയിലെ ഹോംസ്റ്റേയിൽ ഇടയ്ക്കിടെ എത്തുമായിരുന്നു. ഇവർ പതിവായി വന്ന് പോകുന്നതിനാൽ ഉടമയ്ക്ക് സംശയം തോന്നിയിരുന്നില്ല. അവസാനമായി ഇവർ വന്നു പോയശേഷം മുറി വൃത്തിയാക്കുന്നതിനിടെ 2000, 500, 200 രൂപയുടെ കറൻസി നോട്ടുകളുടെ അവശിഷ്ടങ്ങൾ വേസ്റ്റ് ബിന്നിൽ നിന്ന് ഉടമയ്ക്ക് ലഭിച്ചു. ഇതേതുടർന്ന് ഉടമ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.