പോത്തൻകോട്: ഓലഷെഡിൽ തലചായ്ക്കാനാകാതെ ബുദ്ധിമുട്ടിലായിരുന്ന നിർദ്ധന വിദ്യാർത്ഥിക്ക് സുമനസുകളുടെ കാരുണ്യത്തിൽ തയ്യാറായ വീടിന്റെ താക്കോൽ ദാനം ഇന്ന് നടക്കും. കാട്ടായിക്കോണം ശാസ്തവട്ടം പുതുവൽ പുത്തൻവീട്ടിൽ വൈഷ്ണവിക്കാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും മറ്റുള്ളവരുടെയും ഇടപെടലിൽ സ്നേഹവീടൊരുങ്ങിയത്. കൂലിപ്പണിക്കാരനായ പിതാവ് മരണപ്പെട്ടതിനെ തുടർന്ന് അമ്മയുടെ തയ്യൽ ജോലിയിൽ നിന്നുള്ള തുച്ഛ വരുമാനത്തിലാണ് എൻജിനിയറിംഗിന് പഠിക്കുന്ന വൈഷ്ണവിയുടെ കുടുംബം കഴിയുന്നത്. പ്ളസ് ടുവിന് ഉന്നത വിജയം നേടിയ ഈ മിടുക്കിയെ ആദരിക്കാൻ വീട്ടിലെത്തിയപ്പോഴാണ് മന്ത്രി ഇവരുടെ ദുരവസ്ഥ നേരിൽക്കണ്ട് ബോദ്ധ്യപ്പെട്ടത്.
സുമനസുകളുടെ സഹായത്തോടെ കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് നിർമ്മിച്ച് നൽകാമെന്ന് മന്ത്രി അന്ന് ഉറപ്പുനൽകിയിരുന്നു. ദുബായ് ആസ്ഥാനമായുള്ള കമ്പനിയാണ് 2017ൽ വീട് നിർമ്മിച്ചുനൽകാമെന്ന് ഏറ്റിരുന്നത്. എന്നാൽ കമ്പനിക്ക് നേരിട്ട പ്രതിസന്ധികൾ കാരണം തറക്കല്ലിടീലിനുശേഷമുള്ള ജോലികൾ മുടങ്ങി. തുടർന്നാണ് മന്ത്രി വ്യവസായിയും സാമൂഹിക പ്രവർത്തകനുമായി ബോബി ചെമ്മണ്ണൂരുമായും മറ്റ് സുമനസുകളുമായി ബന്ധപ്പെട്ട് 900 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഇന്ന് വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീടിന്റെ താക്കോൽ ദാനം നിർവഹിക്കും. ബോബി ചെമ്മണ്ണൂരും വീട് നിർമ്മാണത്തിന് സഹായം ചെയ്ത മറ്റ് സുമനസ്സുകളും ചടങ്ങിൽ പങ്കെടുക്കും.