വാഷിംഗ്ടൺ: കൊവിഡ് മഹാമാരിയ്ക്ക് കാരണമായ കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നതായി പഠനം. ഇതോടെ വൈറസ് കൂടുതൽ വ്യാപകമാകാൻ ശേഷിയുള്ളതായിത്തീരുന്നെന്നും അമേരിക്കയിലെ ഹൂസ്റ്റണിൽ നടത്തിയ പഠനത്തിൽ പറയുന്നു.
അയ്യായിരത്തിലധികം ജനിതക മാതൃകകൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്. എന്നാൽ, ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതൽ മാരകമാകുന്നതായി പഠനത്തിൽ പറയുന്നില്ലെന്ന് വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കി.
മാത്രമല്ല, വൈറസിന്റെ വൈദ്യശാസ്ത്രപരമായ സവിശേഷതകളും പഠനത്തിൽ വ്യക്തമായിട്ടില്ല. എന്നാൽ, വ്യാപനത്തിനുള്ള ശേഷി വർദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ, വ്യാപകമായി പടർന്നിരിക്കുന്ന വൈറസ് കൂടുതൽ വ്യാപന ശേഷിയുള്ളതാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. വൈറസിന്റെ ഈ സവിശേഷത രോഗത്തെ തടയാനുള്ള ശ്രമങ്ങൾക്ക് വൻ തിരിച്ചടിയാകും. എന്നാൽ, വാക്സിൻ ഗവേഷണത്തിൽ വൈറസിനെ സംബന്ധിച്ച ഇത്തരമൊരു പഠനം വലിയ ഗുണം ചെയ്യുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ.
പ്രാഥമികമായ പഠനം മാത്രമാണ് നടന്നിരിക്കുന്നതെന്നും കൂടുതൽ വിലയിരുത്തലുകൾക്കും പരീക്ഷണങ്ങൾക്കും ഈ കണ്ടെത്തൽ വിധേയമാകേണ്ടതുണ്ടെന്നും പഠനത്തെ വിലയിരുത്തിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസിലെ ഗവേഷകനായ ഡേവിഡ് മോറെൻസ് പറഞ്ഞു.