ഹനോയ്: വിയറ്റ്നാമിൽ ഉപയോഗിച്ച ഗർഭനിരോധന ഉറകൾ വൃത്തിയാക്കി വീണ്ടും വിൽക്കുന്നതായി റിപ്പോർട്ട്. 360 കിലോയോളം ഭാരമുള്ള ബാഗിൽ നിന്നും ഏകദേശം 3,45,000 ഗർഭനിരോധന ഉറകൾ കണ്ടെത്തിയെന്നാണ് വിവരം. ഹോ ചിമിൻ നഗരത്തിന് കിഴക്കായുള്ള ബിൻ ദുവോങ്ങിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് വെയർഹൗസ് ഉടമയും യുവതിയും അറസ്റ്റിലായി.
വെയർഹൗസിലെ തറയിൽ ഗർഭനിരോധന ഉറകൾ ചിതറിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഇവ സൂക്ഷിച്ചുവച്ചിരിക്കുന്ന വലിയ ബാഗുകളുടെ വീഡിയോ ദൃശ്യങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള വിയറ്റ്നാം ടെലിവിഷൻ പുറത്തുവിട്ടിരുന്നു.
അജ്ഞാതനായ ഒരാളിൽ നിന്ന് എല്ലാ മാസവും ഉപയോഗിച്ച ഉറകൾ ലഭിക്കാറുണ്ടെന്ന് വെയർഹൗസ് ഉടമ പൊലീസിനോട് പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ഇവ വെള്ളത്തിലിട്ട് തിളപ്പിച്ച് പുരുഷ ലൈംഗികാവയവത്തിന്റെ ആകൃതിയിലുള്ള ഒരു തടിക്കഷണത്തിൽ വച്ച് രൂപമാറ്റം വരുത്തിയ ശേഷമാണ് വിൽപ്പന നടത്തിയിരുന്നതെന്ന് പിടിയിലായ യുവതി പൊലീസിന് മൊഴി നൽകി. ഒരു കിലോ ഉറകൾക്ക് 0.17 ഡോളർ (12.55 രൂപ) ലഭിച്ചിരുന്നതായും യുവതി പറഞ്ഞു.