പത്തനംതിട്ട : ജില്ലയിൽ ഇന്നലെ
191 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 30 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 149 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 149 പേർ രോഗമുക്തരായി..
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 10, പ്രമാടം ഗ്രാമപഞ്ചായത്തിലെ വാർഡ് 16, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 8 എന്നിവിടങ്ങളിൽ 25 മുതൽ 7 ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് 11 (കാവുംപടിമാരുപറമ്പിൽ ഭാഗം), ആറന്മുള ഗ്രാമപഞ്ചായത്തിലെ വാർഡ് 13 (ശബരി മാന്തടം ഭാഗം), വാർഡ് 15 (കോട്ട പടിഞ്ഞാറ് ഭാഗം), കുറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 14 (കോങ്കരമാലി പുതുവേൽ ഭാഗം), തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 1 (ചരൽകുന്ന് ജംഗ്ഷൻ), വാർഡ് 2 (ചരൽകുന്ന്കട്ടേപ്പുറം റോഡ്, പുലിപ്പാറ ജംഗ്ഷൻ വരെ), ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 13 (നന്നൂർ തെക്ക് ഭാഗം), വാർഡ് 14 (നന്നൂർ പടിഞ്ഞാറ് ഭാഗം), വാർഡ് 15 (വള്ളംകുളം പടിഞ്ഞാറ് ഭാഗം), നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാർഡ് 6 (കുടമുരുട്ടി ഭാഗം), കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാർഡ് 2 (മഠത്തിൽകാവ്പുളിന്താനം ഭാഗം, കനകകുന്ന്മഠത്തിൽകാവ് ഭാഗം) എന്നിവിടങ്ങൾ ഇന്ന് മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
ഹോമിയോ പ്രതിരോധമില്ലാതെ സീതത്തോട്
സീതത്തോട്: കൊവിഡ് വ്യാപനം രൂക്ഷമായ കാലത്ത് സീതത്തോട് പഞ്ചായത്തുകാർക്ക് ഗവ. ഹോമിയോ ആശുപത്രിയുടെ സേവനം ലഭ്യമല്ല. പാർശ്വഫലങ്ങളില്ലാത്ത പ്രതിരോധ മരുന്ന് ഹോമിയോയിൽ ലഭിക്കുമെങ്കിലും നാട്ടുകാർ ഇതുവരെ അത് കണ്ടിട്ടില്ല. മൂന്നുകല്ല് ലക്ഷം വീട് കോളനിക്കുള്ളിലാണ് പഞ്ചായത്ത് ഹോമിയോ ആശുപത്രി. സീതത്തോട് ജംഗ്ഷനിൽ നിന്ന് മൂന്ന് കിലോമീറ്ററോളം അകലെയാണ് മൂന്നുകല്ല്. ഇവിടെ നിന്ന് ഒാട്ടോറിക്ഷയിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാലേ ആശുപത്രിയിലെത്താനാകു.
പഞ്ചായത്തിലെ ഗവ. അലോപ്പതി, ആയുർവേദ ആശുപത്രികൾ സീതത്തോട് സെൻട്രൽ ജംഗ്ഷനിലാണ് . ഹോമിയോ ആശുപത്രിയും ഇവിടേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജംഗ്ഷനിൽ പഞ്ചായത്തിന്റെ ഒഴിഞ്ഞു കിടക്കുന്ന മുറികളുണ്ട്. ആശുപത്രി ഇവിടേക്ക് മാറ്റിയാൽ പഞ്ചായത്തിലെ എല്ലാവർക്കും എത്തിപ്പെടാനുള്ള ബസ് സൗകര്യമുണ്ട്.
കൊവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് ജില്ലയിൽ ഭൂരിഭാഗം പഞ്ചായത്തുകളിലും വിതരണം ചെയ്തെങ്കിലും സീതത്തോട്ടിൽ ലഭിച്ചില്ല. പഞ്ചായത്തിൽ നിരവധി ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 13 വാർഡുകളുള്ള പഞ്ചായത്തിൽ കൊവിഡ് വ്യാപന ഭീതി നിലനിൽക്കുകയാണ്.
'' ഗവ. ഹോമിയോ ആശുപത്രി മൂന്നുകല്ലിൽ നിന്ന് സീതത്തോട് ജംഗ്ഷനിലെ പഞ്ചായത്ത് കെട്ടിടത്തിലേക്ക് മാറ്റണം. എല്ലാ വർഡുകളിലും പ്രതിരോധ മരുന്ന് വിതരണം ചെയ്യണം.
സീതത്തോട് മോഹൻ,
കെ.കെ ഗോപിനാഥൻ.