കോട്ടയം:തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉഷഃപായസം കന്നിമാസത്തിലെ തിരുവോണ ദിവസമായ നാളെ കരക്കാർക്കെല്ലാം നൽകണമെന്ന് ദേവസ്വം കമ്മിഷണർ ഉത്തരവിറക്കിയെങ്കിലും ക്ഷേത്ര മതിൽകെട്ടിനുള്ളിൽ വിതരണം ചെയ്താൽ മതിയെന്ന് ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ തീരുമാനിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.
അതിനിടെ, കരക്കാർക്ക് ഉഷഃപായസം വിതരണം ചെയ്യാൻ പോരാടിയ ക്ഷേത്ര ഉപദേശകസമിതി മുൻ പ്രസിഡന്റ് കെ.വി.വിജിത്തിനെ കരയോഗത്തിൽ നിന്നു പുറത്താക്കി.
ക്ഷേത്ര മതിൽക്കെട്ടിന് പുറത്ത് വിതരണം ചെയ്താലേ മതഭേദമന്യേ എല്ലാ കരക്കാർക്കും ഉഷഃപായസം ലഭ്യമാകൂ എന്ന് ബോധ്യപ്പെടുത്താൻ സബ്ഗ്രൂപ്പ് ഓഫീസർ വിക്രമൻ വാര്യരെ ഇന്നലെ ക്ഷേത്രോപദേശ സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ള നാട്ടുകാർ കണ്ടെങ്കിലും ഫലമുണ്ടായില്ല.
മൂന്നര കിലോ ഉഷഃപായസം തയ്യാറാക്കണമെന്നാണ് പതിവ് ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്.പുറത്തെങ്കിൽ കൂടുതൽ വേണ്ടിവരും.അതൊഴിവാക്കാൻ വിതരണം അകത്തു നടത്തുന്നുവെന്നാണ് ആക്ഷേപം.
അപകീർത്തി, പുറത്താക്കൽ
അപകീർത്തിയുണ്ടാക്കുംവിധം പ്രവർത്തിച്ചുവെന്ന കുറ്റം ചുമത്തിയാണ് മുഴുവൻ കരക്കാർക്കും ഉഷഃപായസം ലഭിക്കാൻ പോരാടിയ ക്ഷേത്ര ഉപദേശകസമിതി മുൻ പ്രസിഡന്റ് കെ.വി.വിജിത്തിനെ കരയോഗത്തിൽ നിന്നു പുറത്താക്കിയത്. പരിപ്പ് ഹൈസ്ക്കൂൾ അദ്ധ്യാപകൻ കൂടിയായ വിജിത്ത് എൻ.എസ്.എസ് മുൻ കരയോഗം സെക്രട്ടറിയായിരുന്നു .
ക്ഷേത്ര പതിവ് ബുക്കിൽ "കരക്കാർക്ക് എന്നത് കരയോഗക്കാർക്ക് " എന്ന് തിരുത്തിയ ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസറുടെ ജാതി വിവേചനത്തിനെതിരെ ദേവസ്വം ബോർഡ് ഉന്നതർക്ക് പരാതി നൽകി പോരാടിയത് വിജിത്തും ഉപദേശക സമിതി അംഗം റജിയുമായിരുന്നു. ദേവസ്വം വിജിലൻസ് വിഭാഗം പതിവ് ബുക്ക് പരിശോധിച്ചാണ് കരക്കാർക്കെന്ന് സ്ഥീരീകരിച്ചത്.
തുടർന്ന് ദേവസ്വം കമ്മിഷണർ കഴിഞ്ഞ ജനുവരിയിൽ ഉത്തരവ് ഇറക്കിയെങ്കിലും തിരുവാർപ്പിലെ ഉദ്യോഗസ്ഥർ പൂഴ്ത്തി. പരാതിക്കാർ ദേവസ്വം കമ്മിഷണർ ഓഫീസിൽ നിന്ന് ഉത്തരവ് എടുപ്പിച്ച് പരസ്യമാക്കിയതോടെയാണ് നാളെ കരക്കാർക്ക് ഉഷഃപായസം നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാവുന്നത്.
'ക്ഷേത്ര രേഖകകളിൽ ഉഷഃപായസത്തിന് പ്രത്യേക അവകാശമുള്ളവരെക്കുറിച്ച് പരാമർശമുണ്ട്. പലതും കാലപ്പഴക്കത്താൽ ഗൗനിക്കാതെ പോകുന്നു.അതെല്ലാം കൃത്യമായി നടത്താൻ എല്ലാവരും ശ്രദ്ധിക്കണം".
- ഹരി നമ്പൂതിരി, മേൽശാന്തി തിരുവാർപ്പ് ക്ഷേത്രം