രോഗശയ്യയിൽ നിന്നും ആയുരാരോഗ്യത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ, പ്രാർത്ഥനയോടെ കാത്തിരുന്നവരെയെല്ലാം നിരാശരാക്കി എസ്.പി.ബാലസുബ്രഹ്മണ്യം എന്ന മഹാഗായകൻ യാത്രയായി.കൊവിഡിനെ അതിജീവിച്ചെങ്കിലും ഡോക്ടർമാരുടെ തീവ്രപരിചരണത്തിനും ആ വിലപ്പെട്ട ജീവൻ രക്ഷിക്കാനായില്ല.
കൈവച്ച മേഖലകളിലെല്ലാം പ്രതിഭ തെളിയിച്ച വിസ്മയമായിരുന്നു ഈ കലാകാരൻ. എസ്.പി.ബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ബാലസുബ്രഹ്മണ്യത്തിന്റെ വേർപാട് സംഗീത രംഗത്തിനു മാത്രമല്ല ഇന്ത്യൻ കലാലോകത്തിനാകെ തന്നെ തീരാ നഷ്ടമാണ്.
തലമുറകളെ രോമാഞ്ചമണിയിച്ച ഗായകനായിരുന്നു എസ്.പി.ബി. അഞ്ചുപതിറ്റാണ്ടിലേറെ നീണ്ട ആ കലാസപര്യയിൽ തെലുങ്ക്,തമിഴ്,കന്നട,മലയാളം,ഹിന്ദി ഉൾപ്പെടെ പതിനാറ് ഭാഷകളിൽ നാല്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചു.എന്നാൽ അതിലല്ല അദ്ദേഹത്തിന്റെ മഹത്വം കുടികൊള്ളുന്നത്. ഏത് പ്രായക്കാരേയും ആകർഷിക്കുന്ന മധുരോദാരമായ ശബ്ദമായിരുന്നു എസ്.പി.ബിയിലെ ഗായകന്റെ സവിശേഷത.ശ്രോതാവിന്റെ ഹൃദയത്തിലേക്ക് ആണ്ടിറങ്ങുന്ന കാൽപ്പനികമായ ശബ്ദമായിരുന്നു അത്. ഉപരിതലത്തിൽ അസ്തമിക്കുന്നതായിരുന്നില്ല ആ കാൽപ്പനികത. നിത്യപ്രണയത്തിന്റെ ശബ്ദംപോലെ അത്യാകർഷകമായിരുന്നു. തന്റെ സ്വരമഹിമയിലൂടെ ഇന്ത്യയൊട്ടാകെ ഈ അനുഗ്രഹീത ഗായകൻ ആരാധകരെ നേടിയെടുത്തു.
ഗായകൻ,സംഗീത സംവിധായകൻ,നടൻ ,ഡബ്ബിംഗ് ആർട്ടിസ്റ്റ് ,നിർമ്മാതാവ്,അവതാരകൻ എന്നിങ്ങനെ വ്യത്യസ്തരംഗങ്ങളിൽ ഒരുപോലെ തിളങ്ങാൻ എസ്.പി.ബിക്കു കഴിഞ്ഞത് തികഞ്ഞ അർപ്പണബോധത്താലാണ്. ഒരു പാട്ടിന്റെ മികവിനുവേണ്ടി താപസതുല്യമായ സമർപ്പണം പുലർത്താൻ ഈ ഗായകന് ഒരു മടിയുമില്ലായിരുന്നു. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ ജനിച്ച എസ്.പി.ബാലസുബ്രഹ്മണ്യത്തെ ഒരു എഞ്ചിനീയറായി കാണാനാണ് ഹരികഥാകലാകാരനായ അച്ഛൻ സാംബമൂർത്തി ആഗ്രഹിച്ചതെങ്കിലും സംഗീതലോകത്തേക്കാണ് മകൻ നടന്നുകയറിയത്.എഞ്ചിനീയറിംഗ് പഠന കാലയളവിൽത്തന്നെ സംഗീത മത്സരങ്ങളിൽ സജീവമാവുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.1966 ൽ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ഗായകനായുള്ള തുടക്കം.തന്റെ വഴികാട്ടിയായി എസ്.പി.ബി പിന്നീട് വിശേഷിപ്പിച്ച എസ്.പി.കോദണ്ഡപാണിയായിരുന്നു.ആ ഗാനത്തിന് ഈണം പകർന്നത്.തുടർന്ന് കന്നടയിലും തമിഴിൽനിന്നും അവസരങ്ങൾ തേടി വന്നു.എം.ജി.ആർ നായകനായി അഭിനയിച്ച അടിമപ്പെണ്ണിൽ ആലപിച്ച ആയിരം നിലവെ വാ എന്ന ഗാനത്തിലൂടെ തമിഴകം എസ്.പി.ബിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.പ്രശസ്ത ഗായകരായ ടി.എം.സൗന്ദർരാജനും പി.ബി.ശ്രീനിവാസുമൊക്കെ തിളങ്ങി നിൽക്കുന്ന വേളയിലാണ് ഈ യുവഗായകൻ തമിഴ് മക്കളുടെ ഹൃദയസിംഹാസനത്തിൽ സ്ഥാനം നേടിയത്.
സംഗീത സംവിധായകൻ ഇളയരാജ തമിഴിൽ സഷ്ടിച്ച സംഗീത വസന്തം എസ്.പി.ബിയെ പ്രശസ്തിയിലേക്കുയർത്തുകയായിരുന്നു. ഇളയരാജയും എസ്.പി.ബിയും ചേർന്നുള്ള കൂട്ടുകെട്ട് കാലങ്ങളോളം തമിഴകം അടക്കിവാഴുന്നതാണ് പിന്നീട് കണ്ടത്.ഇളയരാജയുടെ ഈണത്തിൽ എസ്.പി.ബി ആലപിച്ച ഓരോ പാട്ടുകളും സൂപ്പർഹിറ്റുകളായി മാറി.
കെ.വിശ്വനാഥ് സംവിധാനം ചെയ്ത ശങ്കരാഭരണം എന്ന ചിത്രത്തിൽ കെ.വി.മഹാദേവന്റെ സംഗീത സംവിധാനത്തിൽ പാടിയ പാട്ടുകൾ എസ്.പി.ബിയെ ദേശീയതലത്തിൽ ശ്രദ്ധേയനാക്കി.ശാസ്ത്രീയ സംഗീതത്തിൽ വേണ്ടത്ര അവഗാഹമില്ലാതിരുന്നിട്ടും ആ പാട്ടുകളെല്ലാം എസ്.പി.ബി അനശ്വരമാക്കി.കൊച്ചുകുട്ടികളെപ്പോലും ശാസ്ത്രീയ സംഗീതത്തിലേക്ക് ആകർഷിക്കാൻ ഉതകുംവണ്ണം ഹൃദ്യമായിരുന്നു ആ ഗാനങ്ങളെല്ലാം. അതിലെ ശങ്കരാ.. എന്നു തുടങ്ങുന്ന ഗാനം കാലഘട്ടങ്ങളുടെ ഹരമായി ഇന്നും ശ്രോതാക്കളുടെ മനം കൈയ്യടക്കുന്നു.ആ ചിത്രത്തിലെ തന്നെ ഓംകാര നാദാനു..എന്ന പാട്ടിന് മികച്ച ഗായകനുള്ള ദേശീയ അവാർഡ് ആദ്യമായി എസ്.പി.ബിയെ തേടിയെത്തി.പിന്നീട് അഞ്ചുതവണകൂടി ദേശീയ പുരസ്കാരം ലഭിച്ചു.വിവിധ സംസ്ഥാന അവാർഡുകളും നേടി.രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു.കേരള സർക്കാരിന്റെ ഹരിവരാസനം പുരസ്കാരവും ലഭിച്ചിട്ടുണ്ട്
കടൽപ്പാലം എന്ന ചിത്രത്തിൽ വയലാർ എഴുതി ജി.ദേവരാജൻ ഈണമിട്ട ഈ കടലും മറുകടലും എന്ന ഗാനത്തിലൂടെ മലയാളത്തിൽ തുടക്കമിട്ട എസ്.പി ബി .ശങ്കരാഭരണത്തിലെ പാട്ടുകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടുകയായിരുന്നു.നൂറിലധികം മലയാളഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഏക് ദൂജെ കേലിയെ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും ജൈത്രയാത്ര തുടങ്ങിയ എസ്.പി.ബി അവിടെയും തരംഗം സൃഷ്ടിച്ചു.പഴയകാലത്തിന്റെയും പുതിയകാലത്തിന്റെയും എല്ലാ സംഗീതജ്ഞർക്കൊപ്പവും പാടി. ഒരു ദിവസം ഏറ്റവും കൂടുതൽ പാട്ടുകൾ പാടി റെക്കോർഡ് ചെയ്തതടക്കം അനവധി റെക്കോഡുകളും ഈ ഗായകന്റെ പേരിലുണ്ട്. അഭിനയത്തിലും ഒരു കൈനോക്കാൻ മറന്നില്ല. മണിരത്നത്തിന്റെ തിരുടാ തിരുടാ ,ഷങ്കറിന്റെ കാതലൻ, കേളടി കൺമണി,അങ്ങനെ അനവധി ചിത്രങ്ങൾ.സകലകലാവല്ലഭനായിരുന്നു.
ഒരു നല്ല ഗായകൻ സമ്പൂർണ്ണനാകുന്നത് പ്രതിഭ കൊണ്ട് മാത്രമല്ല. സഹജീവികളോടുള്ള പെരുമാറ്റവും സ്വഭാവത്തിലെ വിശുദ്ധിയുമൊക്കെ കൊണ്ടാണ്.ആ നിലയിൽ നോക്കുമ്പോൾ വലിയ മനുഷ്യനായിരുന്നു എസ്.പി.ബി. ഗാനരംഗത്ത് സുവർണജൂബിലി തികച്ചപ്പോൾ ജ്യേഷ്ഠസഹോദരനായിക്കണ്ട് ഗായകൻ യേശുദാസിന് പാദപൂജ അർപ്പിക്കാൻ അദ്ദേഹം തയ്യാറായി. എളിമയുള്ളവർക്കുമാത്രമെ ഇത്തരമൊരു പ്രവൃത്തി ചെയ്യാനാവുകയുള്ളൂ. എഴുപത്തിനാലാമത്തെ വയസിൽ എസ്.പി.ബി കടന്നുപോകുമ്പോൾ അദ്ദേഹത്തിന്റെ പാട്ടുകൾ ബാക്കിയാകുന്നു.അതുല്യനായ ഈ ഗായകൻ ഗാനങ്ങളിലൂടെ ചിരസ്മരണീയനാകുന്നു.ആ നിത്യസ്മരണയ്കു മുന്നിൽ ഞങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു