കോന്നി: സംസ്ഥാനത്തെ ആദ്യ നോട്ടിഫൈഡ് ഡ്രഗ് പരിശോധനാ ലാബ് കോന്നിയിൽ വരുന്നു. ചീഫ് അനലിസ്റ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ലാബ്. സംസ്ഥാന ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെ നിയന്ത്രണത്തിലുള്ള നാലാമത്തെ ലാബുകൂടിയാണിത്. തിരുവനന്തപുരം, ഏറണാകുളം, തൃശൂർ എന്നിവിടങ്ങളിലാണ് നിലവിൽ ലബോറട്ടറിയുള്ളത്. കോന്നി ഗവ.മെഡിക്കൽ കോളേജിന് സമീപമുള്ള ഒരേക്കർ സ്ഥലത്താണ് ലാബ് നിർമ്മിക്കുന്നത്.
ഈ വർഷം ഡിസംബറോടെ നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കാനാണ് നീക്കം.
ഇൻസ്ട്രമെന്റേഷൻ, കെമിക്കൽ വിഭാഗങ്ങളിലായി നാല് ലാബുകൾ ഉണ്ടാകും. ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റിലെ എൻഫോഴ്സ്മെന്റ് വിഭാഗം വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന അലോപ്പതി, ആയുർവേദ മരുന്നുകളും,കോസ്മെറ്റിക്സ് ഉൽപ്പന്നങ്ങളും ഈ ലാബിലാണ് പരിശോധിക്കുക.
ലാബ് പ്രവർത്തനം ആരംഭിക്കുന്നതോടെ നൂറോളം ജീവനക്കാർ ഇവിടെ ജോലിക്കായി എത്തും.പുതിയ തൊഴിൽ അവസരങ്ങളും ഉണ്ടാകും. ലബോറട്ടറികൾക്ക് അക്രഡിറ്റേഷൻ നൽകുന്ന നാഷണൽ അക്രഡിറ്റേഷൻ ബോർഡിൽ നിന്ന് കോന്നി ലാബിനും നിർമ്മാണം പൂർത്തിയാക്കിയ ശേഷം അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്.ഇതിനാവശ്യമായ പ്രവർത്തനം ഡ്രഗ് കൺടോളർ ഓഫീസ് നടത്തും. ലബോറട്ടറിയുടെ എസ്റ്റിമേറ്റ് അടിയന്തരമായി തയാറാക്കി വർക്ക് ടെൻഡർ ചെയ്യാനും പുതിയ തസ്തിക അനുവദിക്കുന്നതിനും അഡീഷണൽ ഫണ്ടിനുള്ള പ്രൊപ്പോസൽ നൽകാനുമുളള നടപടികൾ പുരോഗമിക്കുന്നു.
------------------------
കേരളത്തിനു തന്നെ അഭിമാനമാകാൻ പോകുന്ന ഡ്രഗ് ടെസ്റ്റിംഗ് ലാബ് സമുച്ചയമാണ് കോന്നിയിൽ യാഥാർത്ഥ്യമാകാൻ പോകുന്നത്. പ്രവർത്തനങ്ങൾ കൃത്യ സമയത്ത് പൂർത്തീകരിക്കാനാവശ്യമായ കൂട്ടായ പ്രവർത്തനം നടന്നുവരുന്നു.
കെ.യു. ജനീഷ് കുമാർ എം.എൽ.എ
--------------