കോട്ടയം : നിയന്ത്രണം വിട്ട കാർ എം.സി റോഡരികിലെ വീട്ടിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ നിന്ന് കാൻസർ രോഗിയായ വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. മറിയപ്പള്ളി പോളിടെക്നിക് കോളേജ് ഹോസ്റ്റലിനു സമീപം വാലുപറമ്പിൽ ശാന്തമ്മയുടെ വീട്ടിലേയ്ക്കാണ് ഇന്നലെ വൈകിട്ട് നാലോടെ കാർ ഇടിച്ചു കയറിയത്. തിരുവല്ലയിൽ നിന്ന് കുടമാളൂരിലെ വീട്ടിലേയ്ക്കു പോകുകയായിരുന്ന കുടമാളൂർ സ്വദേശി ഡെന്നീസ് സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഡെന്നീസ് മാത്രമാണ് വാഹനത്തിനുള്ളിലുണ്ടായിരുന്നത്. ഇറക്കം ഇറങ്ങുന്നതിനിടെ മുന്നിൽ പോയ കാർ ബ്രേക്ക് ചെയ്തപ്പോൾ ഇടിക്കാതിരിക്കാൻ ഇടത്തേയ്ക്കു വെട്ടിച്ചുമാറ്റിയപ്പോഴായിരുന്നു അപകടം. വീട്ടമ്മ കിടന്ന മുറിയുടെ ഒരു ഭാഗം തകർത്താണ് കാർ നിന്നത്. കാറിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സെത്തിയാണ് പുറത്തിറക്കിയത്. ശാന്തമ്മയുടെ മകൻ അനി നേരത്തെ മരിച്ചിരുന്നു. മകന്റെ ഭാര്യ സുജയും, മക്കളായ അനുജയും അജിയുമാണ് വീട്ടിലുണ്ടായിരുന്നത്. കാർ ക്രെയിൻ ഉപയോഗിച്ച് കെട്ടിവലിച്ചു നീക്കി. അപകട വിവരം അറിഞ്ഞ് ചിങ്ങവനം പൊലീസും സ്ഥലത്ത് എത്തിയിരുന്നു.