ന്യൂഡൽഹി: മോദി സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഒക്ടോബർ രണ്ട് മുതൽ അഖിലേന്ത്യാതലത്തിൽ സമരം ശക്തമാക്കാൻ അഖിലേന്ത്യാ കിസാൻ സംഘർഷ് കോർഡിനേഷൻ സമിതി തീരുമാനിച്ചു. ഒക്ടോബർ രണ്ടിന് 'കിസാൻ-- മസ്ദൂർ ബച്ചാവോ ദിവസ്' ആചരിക്കുമെന്ന് കോൺഗ്രസും പ്രഖ്യാപിച്ചു. പുതിയ നിയമങ്ങൾക്കെതിരെ യു.പി, പഞ്ചാബ്, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ ഇന്നലെയും കർഷകർ ട്രെയിനുകൾ തടഞ്ഞും റോഡുകൾ ഉപരോധിച്ചും പ്രതിഷേധിച്ചു.
പഞ്ചാബിൽ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ആഹ്വാനം ചെയ്ത ട്രെയിൻ തടയൽ സമരം ആറുദിവസം പിന്നിട്ടു. കറുത്ത വസ്ത്രം ധരിച്ചെത്തിയ കർഷകർ അമൃത്സറിലെ ദേവിദാസപുരയിൽ റെയിൽവെ ട്രാക്കിൽ കയറി ഇരുന്ന് പ്രതിഷേധിച്ചു. 31 കർഷക സംഘടനകളുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് യോഗം ചേർന്നു. സമരത്തിന് എല്ലാ പിന്തുണയും അറിയിച്ച അദ്ദേഹം കേന്ദ്രനിയമത്തെ മറികടക്കാൻ നിയമപരമായ എല്ലാ മാർഗങ്ങളും തേടുമെന്നും അറിയിച്ചു. കേന്ദ്ര നിയമത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഡി.എം.കെ അധ്യക്ഷൻ എം. കെ സ്റ്റാലിൻ പ്രഖ്യാപിച്ചു.
അതിനിടെ കർഷക നിയമങ്ങൾക്ക് പിന്തുണയറിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ ചണ്ഡീഗഡിൽ ട്രാക്ടർ റാലി നടത്തി.
ട്രാക്ടർ കത്തിച്ചത് കർഷകരെ അവഹേളിക്കൽ -മോദി
ഡൽഹിയിൽ ഇന്ത്യാ ഗേറ്റിന് സമീപം കർഷകർ പൂജിക്കുന്ന ഉപകരണങ്ങളും ചരക്കുകളും ട്രാക്ടറും കത്തിച്ചത് കർഷകരെ അവഹേളിക്കലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. താങ്ങുവില വിഷയത്തിൽ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണ്. താങ്ങുവില തുടരുമെന്ന് മാത്രമല്ല കർഷകർക്ക് ഉൽപ്പന്നങ്ങൾ എവിടെയും വിൽക്കാനുള്ള സ്വാതന്ത്ര്യവും ലഭിക്കുമെന്നും മോദി പറഞ്ഞു.
അന്യസംസ്ഥാന കാർഷിക ഉത്പന്നങ്ങൾ അനുവദിക്കില്ലെന്ന് ഖട്ടർ
കർഷകർക്ക് ഉൽപ്പന്നങ്ങൾ എവിടെയും വിൽക്കാൻ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിന് വിരുദ്ധമായി ബി.ജെ.പി ഭരിക്കുന്ന ഹരിയാന. ഉത്പന്നങ്ങൾ വിറ്റഴിക്കാൻ മറ്റ് സംസ്ഥാനങ്ങളിലെ കർഷകരെ ഹരിയാനയിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഹരിയാനയിലെ കർഷകരുടെ ഉൽപ്പന്നങ്ങൾ പൂർണമായും സർക്കാർ വാങ്ങുമെന്നും ഖട്ടർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |