ന്യൂഡൽഹി: ഏതു ഭീഷണിയെയും നേരിടാൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് ഉറപ്പുനൽകി സുപ്രധാനമായ ബി ഇ സി എ കരാറിൽ ഒപ്പുവച്ച് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ധാരണകൾ ശക്തിപ്പെടുത്തുന്നതാണ് ബേസിക് എക്‌സ്‌ചേഞ്ച് ആൻഡ് കോഓപ്പറേഷൻ എഗ്രിമെന്റ് എന്ന ബി ഇ സി എ കരാർ. ഇതിന്റെ അടിസ്ഥാനത്തിൽ ഉയർന്ന സൈനിക സാങ്കേതിക വിദ്യകളും വ്യോമഭൗമ മാപ്പുകളും ഇരുരാജ്യങ്ങളും ഇനി പങ്കുവയ‌്ക്കും.
ഇന്ത്യഅമേരിക്ക 2+2 ചർച്ചകൾക്കു ശേഷമാണ് കരാറിൽ ഒപ്പുവച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, അമേരിക്കയുടെ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാർക്ക് എസ്‌പർ എന്നിവരാണ് ന്യൂഡൽഹിയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തത്.
ചൈനയുടെ ഭാഗത്തു നിന്നു മാത്രമല്ല എല്ലാ തരത്തിലുമുള്ള ഭീഷണികൾ നേരിടുന്നതിനും ഇന്ത്യക്കൊപ്പം അമേരിക്കയുണ്ടാകുമെന്ന് മൈക്ക് പോംപിയോ വ്യക്തമാക്കി. കഴിഞ്ഞ വർഷം സൈബർ സുരക്ഷ വിഷയത്തിൽ ഞങ്ങൾ (ഇന്ത്യയും അമേരിക്കയും) കൈകോർത്തിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇരു രാജ്യങ്ങളുടെയും നാവിക ശക്തികൾ സംയുക്തമായി അഭ്യാസ പ്രകടനം നടത്തി. അത്തരത്തിലുള്ള ചുവടുവയ‌്പ്പുകൾ ഇനിയും ഉണ്ടാകുമെന്ന് പോംപിയോ പറഞ്ഞു. നിയമമോ ഭരണത്തിലെ സുതാര്യതയോ പാലിക്കാൻ ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടി തയ്യാറാകുന്നില്ലെന്ന് അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി വിമർശിച്ചു.
ബി ഇ സി എ കരാർ ഒപ്പുവയ്‌ക്കലിനെ നിർണായക നീക്കമെന്നാണ് രാജ്നാഥ് സിംഗ് വിശേഷിപ്പിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക സഹകരണം മികച്ച രീതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |