വൈക്കം : ലോക് ഡൗൺ കാലം സാമൂഹ്യ സേവനത്തിന്റേതായിരുന്നു. ഇനി ഹരിത വിപ്ലവം. വിത്തും കൈക്കോട്ടുമായി ആശ്രമം സ്കൂളിലെ കുട്ടികൾ പാടത്തേക്ക്. വൈക്കം സത്യഗ്രഹ മെമ്മോറിയൽ ശ്രീനാരായണ ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എയും ചേർന്ന് ജൈവകൃഷിയിൽ പുതിയ അദ്ധ്യായങ്ങൾ എഴുതിച്ചേർക്കാനുള്ള ശ്രമത്തിലാണ്. തലയാഴം പഞ്ചായത്തിലെ വെന്തകരി പാടശേഖരത്തിൽ രണ്ടേക്കർ നിലം പാട്ടത്തിനെടുത്താണ് നെൽ കൃഷി. വിത്ത് വിതച്ച്, ഞാറ് പറിച്ചുനട്ട് നെൽച്ചെടികൾ 28 ദിവസം വളർച്ചയെത്തി. പൂർണമായും ജൈവകൃഷി രീതികളാണ് പിൻതുടരുന്നത്. ഇന്നലെ രണ്ടാം ഘട്ട വളമിടീൽ നടന്നു.
മൂന്ന് ഏക്കർ വരുന്ന സ്കൂൾ വളപ്പിലാകെയായി ജൈവ പച്ചക്കറി തോട്ടവുമൊരുക്കും. പയർ, പച്ചമുളക്, തക്കാളി, കാന്താരി മുളക്, പാവൽ, കോവൽ, പടവലം, മത്തൻ, തണ്ണിമത്തൻ, വെള്ളരി, സാലഡ് വെള്ളരി, പീച്ചിങ്ങ, കുമ്പളങ്ങ, വെണ്ട, വഴുതന, ചീര തുടങ്ങി നാട്ടിൽ വളരുന്ന എല്ലാ പച്ചക്കറികളുണ്ട്. പൊള്ളാച്ചിയിൽ നിന്നുമാണ് വിത്തുകൾ കൊണ്ടുവന്നത്. ഒരാഴ്ചയ്ക്കുള്ളിൽ കൃഷി ആരംഭിക്കും. സ്കൂൾ മാനേജ്മെന്റ്, എസ്.പി.സി, എൻ.എസ്.എസ്, റെഡ് ക്രോസ്, വിവിധ ക്ലബുകൾ, പി.ടി.എ, ജീവനക്കാർ തുടങ്ങിയവർ കൃഷിയിൽ സജീവമായി പങ്കെടുക്കും.