കാഞ്ഞങ്ങാട്: എൺപതിന്റെ നിറവിലും കുരുമുളക് കൃഷിയിൽ പരീക്ഷണത്തിലാണ് വെള്ളരിക്കുണ്ടിലെ ഒഴുകയിൽ ലൂയിസ്. പ്രകാശ് എസ്റ്റേറ്റിൽ തന്റെ പേരിലുള്ള അഞ്ചേക്കർ കൃഷിയിടത്തിൽ ലൂയിസ് ചേട്ടൻ കൂടുതൽ പ്രാധാന്യം കൊടുക്കുന്നതും കുരുമുളക് കൃഷിക്ക് തന്നെ.
കരിമുണ്ട, പന്നിയൂർ, വയനാടൻ, തനി നാടൻ എന്നുവേണ്ട പലതരത്തിലുള്ള കുരുമുളക് വള്ളികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കാഴാന്ത എന്ന മരം നട്ടുപിടിപ്പിച്ച് അതിലാണ് ഇവിടെ വള്ളി പടർത്തുന്നത്. 300 കാഴാന്ത മരങ്ങളാണ് ലൂയിസ് ചേട്ടൻ നട്ടു പിടിപ്പിച്ചിട്ടുള്ളത്. നാലു വർഷം പ്രായമുള്ള കാഴാന്ത മരത്തിൽ മൂന്ന് വർഷം പ്രായമുള്ള കുരുമുളക് വള്ളി തഴച്ചു വളരുന്നു.ചിലതിൽ വിളവും ഉണ്ടായിട്ടുണ്ട്. പയ്യാനിയിൽ നിന്നുമാണ് ലൂയിസ് ചേട്ടൻ കാഴാന്ത മരം വെള്ളരിക്കുണ്ടിൽ എത്തിച്ചത്.
ഇരുമ്പ് പൈപ്പ് കൊണ്ടുള്ള പന്തൽ ഉണ്ടാക്കി ഇതിലും കുരുമുളക് വള്ളി പടർത്തിയിട്ടുണ്ട്. വീടിലേക്ക് വരുന്ന റോഡിന്റെ ഇരു ഭാഗങ്ങളിലും പി.വി.സി.പൈപ്പിൽ മണ്ണിട്ട് നിറച്ചു കുറ്റി കുരുമുളകും നട്ടു പിടിപ്പിച്ചിരിക്കുന്നു. ഒറ്റനോട്ടത്തിൽ കണ്ടാൽ ചെടികൾ ആണെന്ന് തോന്നുന്ന കുറ്റി കുരുമുളക് നല്ല വിളവും ലൂയിസ് ചേട്ടന് നൽകുന്നുണ്ട്. മത്സ്യ കൃഷിയും ഇദ്ദേഹത്തിനുണ്ട്.
വിവിധ തരം മാവിൻമരങ്ങളും. റംബൂട്ടാൻ, സപ്പോട്ട, ചേന, ചേമ്പ്, പടവലം, ചീര, കോവൽ എന്നീ കൃഷിക്ക് പുറമെ തന്റെ കൃഷിയിടങ്ങൾക്ക് ശോഭ പകരാൻ ഭൂമിയുടെ ഒത്തനടുവിൽ ആമ്പൽ കുളവും ലൂയിസ് ചേട്ടൻ ഒരുക്കിയിട്ടുണ്ട്. ഭാര്യ നേരത്തെ മരിച്ച ലൂയിസ് ചേട്ടൻ ഇപ്പോൾ വീട്ടിൽ തനിച്ചാണ് താമസം. തൊട്ടടുത്ത വീടുകളിൽ മക്കൾ താമസിക്കുന്നു. പ്രായത്തിന്റെ അവശത ഒട്ടുമില്ലാതെ സദാനേരവും കൃഷിയിടത്തിൽ സജീവമാകുന്ന ലൂയിസ് ചേട്ടന് സഹായികളായി പേരക്കുട്ടികളുമുണ്ട്.
1996-ലാണ് കോട്ടയം ജില്ലയിലെ കടപ്ലാമറ്റം പഞ്ചായത്തിലെ വയലയിൽ നിന്നും ഒഴുകയിൽ ലൂയിസ് ചേട്ടൻ വെള്ളരിക്കുണ്ട് പ്രകാശ് എസ്റ്റേറ്റിൽ സ്ഥലം വാങ്ങി കുടിയേറിയത്. ഭാര്യ ലിസമ്മ ലൂയിസ് പത്തു വർഷം മുമ്പ് മരിച്ചു. തികഞ്ഞ ഗാന്ധിയൻ കൂടിയാണ് ലൂയിസ്. കാർഷിക ഗവേഷകനാകാനായിരുന്നു ചെറുപ്പത്തിൽ താൻ ആഗ്രഹിച്ചതെന്ന് ലൂയിസ് ചേട്ടൻ പറയുന്നു. വിളവെടുത്ത കുരുമുളക് അപ്പടി വിൽക്കുന്ന സ്വഭാവവും ഇദ്ദേഹത്തിനില്ല. ഉയർന്ന വില കിട്ടുന്നതുവരെ വിളവ് വീട്ടിൽ തന്നെ സൂക്ഷിക്കുന്ന സ്വഭാവവും ഇദ്ദേഹത്തിനുണ്ട്.
ഒരേ പോലെ വണ്ണത്തിലും നീളത്തിലും വളരുന്ന കാഴാന്ത മരം കുരുമുളക് കൃഷിക്ക് വളരെ യോജിച്ചതാണ്. ഇതിൽ വിളവ് കൂടുതൽ ഉണ്ടാകും. കുരുമുളക് വള്ളിക്ക് ആവശ്യമായ തണുപ്പ് ഈ മരം നൽകും
ഒഴുകയിൽ ലൂയിസ്