തിരുവനന്തപുരം: സ്വർണക്കടത്ത് - മയക്കുമരുന്നു കേസുകളിൽപ്പെട്ട് സമനില തെറ്റിയ പിണറായി സർക്കാർ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത് ജനശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാർ സ്വീകരിച്ച രാഷ്ട്രീയപ്രേരിത നടപടിക്ക് നിയമപരമായും രാഷ്ട്രീയമായും വൻതിരിച്ചടിയുണ്ടാകും.
പാലാരിവട്ടം പാലത്തിന്റെ 30 ശതമാനം പണികൾ പൂർത്തിയാക്കി 2016 ഒക്ടോബറിൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത് പിണറായി സർക്കാരാണ്. അന്നില്ലാത്ത പരാതിയാണ് പിന്നീടുയർന്നത്. പാലംപണി സമയബന്ധിതായി പൂർത്തിയാക്കാൻ മൊബിലൈസേഷൻ അഡ്വാൻസ് അനുവദിച്ചു എന്നതാണ് മന്ത്രിയുടെ പേരിലുള്ള കുറ്റം. റോഡ് ഫണ്ട് ബോർഡിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പും സെക്രട്ടറിയും അംഗീകരിച്ച ഫയലിൽ ഒപ്പിടുക മാത്രമാണ് മന്ത്രി ചെയ്തത്. അനുവദിച്ച 8.25 കോടിയിൽ ഏഴ് ശതമാനം പലിശയോടെ തിരിച്ചടച്ചു.
പാലത്തിന്റെ നിർമ്മാണത്തിൽ പോരായ്മയുണ്ടായാൽ ആർ.ഡി.എസ് കമ്പനിയുടെ ചെലവിൽ പരിഹരിക്കണമെന്ന് വ്യവസ്ഥയുണ്ട്. അതിനവർ തയ്യാറായിരുന്നു. പാലം പരിശോധിച്ച ചെന്നൈ ഐ.ഐ.ടി 7 കോടി രൂപയുടെ അറ്റകുറ്റപ്പണി നിർദ്ദേശിച്ചിരുന്നു. എന്നാൽ 20 കോടി രൂപയ്ക്ക് ടെൻഡറില്ലാതെയാണ് ഈ പണി നൽകിയത്. പാലത്തിന്റെ റോഡ് ടെസ്റ്റ് നടത്തണമെന്ന് രണ്ട് തവണ ഹൈക്കോടതി ഉത്തരവിട്ടിട്ടും നടത്തിയില്ല. പാലം നിർമ്മിച്ചതിൽ വീഴ്ച വരുത്തിയെന്നാരോപിക്കുന്ന കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തുന്നതിന് പകരം തിരുവനന്തപുരത്ത് മാത്രം 1000 കോടിയുടെ പ്രവൃത്തികൾ നൽകിയെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.