കോഴിക്കോട്:കഴിഞ്ഞ തവണ കൈവിട്ടുപോയ ഭരണം തിരിച്ചു പിടിക്കാൻ യു.ഡി.എഫും നിലനിർത്താൻ എൽ.ഡി.എഫും കരുത്ത് തെളിയിക്കാൻ എൻ.ഡി.എയും തന്ത്രങ്ങളുമായി തിരഞ്ഞെടുപ്പ് ഗോദയിലെത്തുമ്പോൾ പോരാട്ടത്തിന് വീര്യം കൂട്ടാൻ യുവനിരയും. കാമ്പസ് രാഷ്ട്രീയത്തിൽ നിന്ന് പൊതു തിരഞ്ഞെടുപ്പിന് ഇറങ്ങിയവരാണ് കച്ചകെട്ടിയവരിൽ ഏറെയും. തങ്ങളെക്കാൾ അനുഭവ ജ്ഞാനമുള്ളവരാണ് പലരുടേയും എതിരാളികളെങ്കിലും യുവത്വത്തിന്റെ പോരാട്ടവീര്യം ചോരാതെ ഏറ്റുമുട്ടി വിജയം നേടാൻ ഉറച്ചുതന്നെയാണ് ഈ പുതുമുഖങ്ങൾ. എല്ലാ മുന്നണികളും ഇക്കുറി യുവനേതാക്കളെ നിർത്തിയാണ് പരീക്ഷണം. ജില്ലയിലെ ജനറൽ സീറ്റിലടക്കം സ്ത്രീകളെ മത്സരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അതും യുവതികൾ.
കഴിഞ്ഞ തവണ കോൺഗ്രസിന് നഷ്ടമായ പുതിയറ വാർഡ് തിരിച്ചു പിടിക്കാൻ കന്നിയങ്കത്തിനിറങ്ങുന്നത് കെ.എസ്.യു ജില്ലാ പ്രസിഡന്റും കോഴിക്കോട് അഭിഭാഷകനുമായ വി.ടി നിഹാലാണ്. തിരഞ്ഞെടുപ്പിൽ ആദ്യമാണെങ്കിലും വിദ്യാർത്ഥി രാഷ്ട്രീയത്തിലെ നേതൃത്വ പാടവം നിഹാലിന് കൂട്ടായുണ്ട്. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റായ ജെറിൽ ബോസ് കക്കോടി ഡിവിഷനിൽ നിന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്.
ഒളവണ്ണയിലെ റേഷൻ കടക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ കച്ചവടം ഏറ്റെടുത്ത് നേരത്തെ തന്നെ വാർത്തകളിൽ ഇടം നേടിയ പി. ശാരുതിയാണ് ഒളവണ്ണ പഞ്ചായത്തിലെ ഒന്നാം വാർഡ് സ്ഥാനാർത്ഥി. ഇടിമൂഴിക്കൽ ഭവൻസ് ലോ കോളേജിൽ അവസാന വർഷ വിദ്യാർത്ഥിയാണ് ശാരുതി. ഡി.വൈ.എഫ്.ഐ സൗത്ത് ബ്ലോക്ക്, സി.പി.എം. ഇരിങ്ങല്ലൂർ ബ്രാഞ്ച് അംഗം എന്നീ നിലകളിലും ശാരുതി പ്രവർത്തിക്കുന്നു. കോഴിക്കോട് കോർപ്പറേഷൻ 62ാം വാർഡ് മൂന്നാലിങ്കൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ അഡ്വ.എൻ.പി ശിഖ എ.ബി.വി.പി മുൻ സംസ്ഥാന സെക്രട്ടറി കൂടിയാണ്.