കോഴിക്കോട്: 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് പുറത്ത്വന്ന കന്നട ന്യൂസ് ചാനൽ ടി.വി 9ന്റെ സ്റ്റിംഗ് ഓപറേഷനിലെ വെളിപ്പെടുത്തലുകളിൽ കോഴിക്കോട് എം.പി എം.കെ രാഘവനെതിരെ വിജിലൻസ് അന്വേഷണം. വിജിലൻസ് കോഴിക്കോട് യൂണിറ്റാണ് കേസെടുത്ത് അന്വേഷിക്കുക. വലിയ ഹോട്ടൽ തുടങ്ങുന്നതിന് സഹായം ചോദിച്ചാണ് ടി.വി ചാനൽ സംഘം എം.കെ രാഘവനടുത്തെത്തിയത്.
ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമാണെന്നും തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് തനിക്ക് 5 കോടി രൂപ നൽകണമെന്നും ആവശ്യപ്പെടുന്ന തരത്തിലുളള ദൃശ്യങ്ങളാണ് ചാനൽ അന്ന് പുറത്തുവിട്ടത്. മാത്രമല്ല 2014ലെ തിരഞ്ഞെടുപ്പിൽ തനിക്ക് 20 കോടി രൂപ ചിലവായി എന്ന് വെളിപ്പെടുത്തലും ചാനൽ പുറത്ത്വിട്ട വീഡിയോയിലുണ്ട്. കൊണ്ടുവരേണ്ട പണം ഡൽഹിയിലെ ഓഫീസിൽ കൊണ്ടുവരാൻ ആവശ്യപ്പെടുന്നതും വീഡിയോയിലെ ദൃശ്യങ്ങളിലുണ്ട്.
നിലവിൽ എം.കെ രാഘവൻ ലോക്സഭാംഗമായതിനാൽ അന്വേഷണത്തിന് ലോക്സഭ സ്പീക്കറുടെ അനുമതി വേണോയെന്ന സംശയത്തെ തുടർന്ന് വിജിലൻസ് നിയമോപദേശം തേടി. അതിന്റെ ആവശ്യമില്ലെന്ന് മറുപടി ലഭിച്ചതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്തത്.