തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ കോൺഗ്രസിൽ തർക്കം രൂക്ഷം. കണ്ണൂരിൽ സ്ഥാനാർത്ഥികളെ മാറ്റിയത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കെ സുധാകരൻ എം പി രംഗത്തെത്തി. ഡി സി സികളോട് ആലോചിക്കാതെയാണ് സ്ഥാനാർത്ഥികളെ മാറ്റിയത്. വ്യക്തിതാത്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാട് ദു:ഖരമാണ്. മൂന്ന് കെ പി സി സി സ്ഥാനാർത്ഥികൾക്കും കൈപ്പത്തി ചിഹ്നം നൽകില്ല. ഡി സി സി പ്രഖ്യാപിച്ചവർ തന്നെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
ഡി സി സിയുമായി ചർച്ച ചെയ്യാതെയാണ് കെ പി സി സി തീരുമാനമുണ്ടായത്. ഡി സി സി കെ പി സി സിക്ക് പരാതി നൽകിയിരുന്നില്ല. പരാതി വ്യക്തി താത്പര്യം മാത്രമായിരുന്നു. സ്ഥാനാർത്ഥികളെ അംഗീകരിക്കാൻ പ്രയാസമുണ്ടെന്ന് കെ പി സി സി പ്രസിഡന്റിനെ സ്നേഹപൂർവം അറിയിച്ചിട്ടുണ്ട്. ഡി സി സിയോട് അന്വേഷിക്കാതെയാണ് തീരുമാനം എടുത്തതെന്ന് കെ പി സി സി സമ്മതിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
കണ്ണൂരിൽ മൂന്നിടത്ത് ഡി സി സിക്കും കെ പി സി സിക്കും വെവ്വേറ സ്ഥാനാർത്ഥികളാണ് രംഗത്തുളളത്. കഴിഞ്ഞ ദിവസം കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയത്തിന് എതിരെ മറ്റൊരു മുതിർന്ന നേതാവായ കെ മുരളീധരനും രംഗത്തെത്തിയിരുന്നു.