ഇസ്ലാമാബാദ്: ബലാത്സംഗക്കേസുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് കടുത്ത ശിക്ഷയുമായി പാകിസ്ഥാൻ. കുറ്റവാളികൾക്ക് രാസ ഷണ്ഡീകരണം നടത്തുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ അറിയിച്ചു. ഫെഡറൽ ക്യാബിനറ്റ് യോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം.
യോഗത്തിൽ നിയമമന്ത്രാലയം ബലാത്സംഗ വിരുദ്ധ ഓർഡിനൻസ് അവതരിപ്പിക്കുകയും പിന്നീട് മന്ത്രിസഭ ഇത് പാസാക്കുകയുമായിരുന്നുവെന്നാണ് പാക് വാർത്താ ചാനലായ ജിയോ ടിവിയുടെ റിപ്പോർട്ട്.
ഇതൊരു ഗുരുതരമായ പ്രശ്നമാണെന്നും നിയമം നടപ്പില്ലാക്കാൻ വൈകിക്കരുതെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കിയതായും റിപ്പോർട്ടിലുണ്ട്. നിയമനിർമാണം സുതാര്യമാണെന്നും ഇത് കർശനമായി നടപ്പാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ബലാത്സംഗത്തിനിരയാകുന്നവരുടെ പേരുകൾ സർക്കാർ രഹസ്യമായി സൂക്ഷിക്കുമെന്നും ഇതുമൂലം അവർക്ക് ഭയം കൂടാതെ പരാതി നൽകാൻ സാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, ക്യാബിനറ്റ് യോഗത്തിൽ പങ്കെടുത്ത ചില മന്ത്രിമാർ ബലാത്സഗക്കേസ് പ്രതികൾക്ക് വധശിക്ഷ നൽകാൻ ശുപാർശ ചെയ്തെന്നും ഇവരെ പരസ്യമായി തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടെന്നും വിവരമുണ്ട്.
രാസ ഷണ്ഡീകരണം
പുരുഷന്മാരിലെ ലൈംഗിക താത്പര്യങ്ങൾ നശിപ്പിച്ച്, ലൈംഗികപരമായ കഴിവുകൾ ഇല്ലാക്കുന്ന പ്രക്രിയയാണ് ഷണ്ഡീകരണം. സർജറി വഴിയുള്ള ഷണ്ഡീകരണത്തിൽ വൃഷണങ്ങൾ രണ്ടും സ്ഥിരമായി നീക്കം ചെയ്യുകയാണ് ചെയ്യുന്നതെങ്കിൽ രാസ ഷണ്ഡീകരണത്തിൽ രാസവസ്തുക്കൾ ശരീരത്തിൽ കുത്തിവച്ച് ലൈംഗികപരമായ കഴിവുകൾ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതേസമയം, ഈ കുത്തിവയ്പ്പുകൾക്ക് പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടുള്ളതിനാൽ ഇത് മനുഷ്യാവകാശ ലംഘനമാണെന്ന പരാതികൾ മുൻപ് ഉയർന്നിരുന്നു. എന്നാൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും ഒട്ടുമിക്ക പാശ്ചാത്യ രാജ്യങ്ങളിലും ബലാത്സംഗക്കേസുകളിൽ രാസഷണ്ഡീകരണം ശിക്ഷയായി നൽകുന്നുണ്ട്.