ബ്യൂണേഴ്സ് അയേഴ്സിലെ ദരിദ്രമായ ചേരിയിൽ നിന്നും കാലിൽക്കുരുക്കിയിട്ട പന്തുമായി ലോകം കീഴടക്കിയ ഡീഗോ അമാൻഡോ മറഡോണയ്ക്ക് ആരാധികമാരും നിരവധിയായിരുന്നു. ഒരേസമയം ഇതിഹാസവും വിമതനും വിപ്ലവകാരിയുമായ മറഡോണയുടെ ഒരു നോട്ടത്തിനായി അയാൾ കളി നിറുത്തിയിട്ടുപോലും സുന്ദരിമാർ ക്യൂ നിന്നു. കളിക്കളത്തിന് പുറത്ത് ലഹരിയിലും കാമുകിമാരിലും മയങ്ങിയൊരു ജീവിതവും മറഡോണ ജീവിച്ചു തീർത്തുവെന്നത് പരസ്യമായ രഹസ്യമാണ്.
നിയമപരമായി ഒരു വിവാഹമേ കഴിച്ചിട്ടുള്ളൂവെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി സ്ത്രീകളുമായി അടുപ്പം പുലർത്തിയ മറഡോണയ്ക്ക് ആ ബന്ധങ്ങളിൽ കുട്ടികളുമുണ്ട്.
മുൻഭാര്യ ക്ലൗഡിയ വില്ലാഫെനിലുള്ള രണ്ട് പെൺകുട്ടികളെ മാത്രമേ അടുത്തകാലം വരെ മറഡോണ അംഗീകരിച്ചിരുന്നുള്ളൂവെങ്കിലും പിന്നീട് ക്യൂബയിലുള്ള മൂന്ന് കുട്ടികളുൾപ്പെടെ ആറ് പേരുടെ പിതൃത്വം അദ്ദേഹം സമ്മതിച്ചിരുന്നു.
മറഡോണയ്ക്ക് 19 വയസും ക്ലൗഡിയയ്ക്ക് 17 വയസുമുള്ളപ്പോഴാണ് ഇരുവരും ആദ്യമായി തമ്മിൽ കാണുന്നത്. 1984 നവംബർ 7ന് ഇരുവരും വിവാഹിതരായി. ഇരുവർക്കും 1987ൽ ഡാൽമ നെറെയ്യ എന്നും 1989ൽ ജിയാന്നിയ ഡിനോറ എന്നും പേരിട്ട രണ്ട് പെൺകുട്ടികൾ പിറന്നു. ഇതിൽ ജിയാന്നിയ 2008ൽ അർജന്റീനൻ സ്ട്രൈക്കർ സെർജിയോ അഗ്യൂറോയെ വിവാഹം ചെയ്തുവെങ്കിലും 2012ൽ ഇരുവരും വേർപിരിഞ്ഞു. 2004ൽ മറഡോണയും ക്ലൗഡിയയും തമ്മിൽ വേർപിരിഞ്ഞു. വിവാഹ മോചനത്തിന് ശേഷവും 2006 ലോകകപ്പിലുൾപ്പെടെ ഇരുവരും പരസ്പര സഹകരണമുണ്ടായിരുന്നു.
തന്നിൽ ആരോപിക്കപ്പെടുന്ന പിതൃത്വത്തെക്കുറിച്ച് ഒരിക്കൽ മറഡോണ പറഞ്ഞത് നിയപരമായി ഡാൽമയും ജിയാന്നയുമാണ് തന്റെ മക്കളെന്നും ബാക്കിയുള്ളതെല്ലാം തന്റെ പണത്തിന്റെയും അബദ്ധങ്ങളുടേയും ഉത്പന്നങ്ങളാണെന്നാണ്.
2019ൽ ക്യൂബയിലുള്ള മൂന്ന് കുട്ടികളുടെ പിതൃത്വം മറഡോണ ഏറ്രെടുത്തിരുന്നു. 2000 മുതൽ 2005വരെ ക്യൂബയിൽ ചികിത്സയിലായിരുന്ന സമയത്ത് രണ്ട് സ്ത്രീകളിലായി മൂന്ന് കുട്ടികൾ ഉണ്ട് എന്നാണ് മറഡോണയുടെ അഭിഭാഷകൻ കോടതിയിൽബോധിപ്പിച്ചത്. നാപ്പൊളിയിലായിരുന്ന സമയത്ത് നേപ്പിൾസ് സ്വദേശിയായ മോഡൽ ക്രിസ്റ്ര്യാന സിനഗാര എന്ന യുവതിയിൽ മറഡോണയ്ക്ക് ഒരു മകനുണ്ട് എന്നതും 2016ൽ അദ്ദേഹം ഏറെക്കാലത്തിന് ശേഷം അംഗീകരിച്ചിരുന്നു. ഡിയേഗോ സിൻഗാര എന്നാണ് മകന്റെ പേര് അദ്ദേഹം പ്രൊഫഷണൽ ഫുട്ബാളറാണ്.
ജാന മറഡോണ എന്നൊരു മകളും അദ്ദേഹത്തിനുണ്ട്. ദീർഘകാലമായി മറഡോണയുടെ കാമുകിയായിരുന്ന വെറോണിക ഒജേഡയുമായുള്ള ബന്ധത്തിലുണ്ടായ ആറുവയസുകാരൻ ഡീഗോ ഫെർണാണ്ടോയും തന്റെ മകനാണെന്ന് മറഡോണ സമ്മതിച്ചിരുന്നു. വെറോണിക്കയുമായി പിരിഞ്ഞ ശേഷം തന്നെക്കാൾ മുപ്പത് വയസിന്റെ ഇളപ്പമുള്ള റിക്കോ ഒലീവിയയുമായി മറഡോണ ബന്ധം പുലർത്തിയിരുന്നു.
എന്നാൽ യാഥാർത്ഥ്യം അന്വേഷിക്കാതെ നിരവധി യുവതികൾ മറഡോണയുടെ കാമുകിയെന്ന പേരിൽ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. രഞ്ജിനി ഹരിദാസ് പോലും അങ്ങനെ മറഡോണയുടെ കാമുകിയായിട്ടുണ്ട്.
അതേസമയം കുട്ടികൾക്കൊപ്പം സ്വസ്ഥമായി സമയം ചെലവഴിക്കാൻ കഴിയാതിരുന്നത് വലിയൊരു ദുഃഖമായി അദ്ദേഹത്തിന്റെ മനസിലുണ്ടെന്നത് ഏറെഅടുപ്പമുള്ള സുഹൃത്തുകളോട് അദ്ദേഹം പങ്കുവച്ചിരുന്നു.