കൊല്ലം: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ നടത്തിയ പണിമുടക്ക് ജില്ലയിൽ ഹർത്താലിന് സമാനമായി. കേന്ദ്ര - സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയ്ക്കൊപ്പം ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, ഓട്ടോ -ടാക്സി തുടങ്ങിയവ നിരത്തിലിറങ്ങിയില്ല. ആശുപത്രി ഉൾപ്പെടെയുള്ള അത്യാവശ്യങ്ങൾക്ക് പോകുന്നവരുടെ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമായിരുന്നു നിരത്തിലുണ്ടായിരുന്നത്. കെ.എം.എം.എൽ, പള്ളിമുക്ക് മീറ്റർ കമ്പനി തുടങ്ങി ജില്ലയിലെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ - സ്വകാര്യ മേഖലകളിലെ കശുഅണ്ടി ഫാക്ടറികൾ, മറ്റ് പണിയിടങ്ങൾ എന്നിവയെല്ലാം പണിമുടക്കിൽ നിശ്ചലമായി.
തോട്ടം മേഖലയിലും മത്സ്യ മേഖലയിലും പണിമുടക്ക് പ്രകടമായിരുന്നു. നിർമ്മാണ മേഖലയിൽ ഉൾപ്പെടെ ദിവസ വേതനക്കാരായ തൊഴിലാളികളും പണിയിടങ്ങളിലെത്തിയില്ല. ഒരു വിഭാഗം പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ മറ്റൊരു വിഭാഗം ഹർത്താൽ പ്രതീതിയിൽ മടിച്ചു. ഹർത്താൽ അന്തരീക്ഷമായതോടെ വിവിധ ആവശ്യങ്ങൾക്ക് പുറത്തിറങ്ങിയ സാധാരണക്കാർ പലയിടത്തും വലഞ്ഞു. വാഹനം കിട്ടാതെയും പുറത്ത് നിന്ന് ഭക്ഷണം കിട്ടാതെയും ഏറെ ബുദ്ധിമുട്ടി.
തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിച്ചില്ല
പണിമുടക്കിൽ നാടാകെ നിശ്ചലമായെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ബാധിച്ചില്ല. കുടുംബ യോഗങ്ങൾ, തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ, വീട് കയറിയുള്ള ഹൗസ് സ്ക്വാഡുകളുടെ പ്രവർത്തനം എന്നിവയെല്ലാം മുടക്കമില്ലാതെ നടന്നു. പണിമുടക്കിയവരടക്കം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു.
പണിമുടക്കിയത് 12 ലക്ഷം പേർ
ജില്ലയിൽ 12 ലക്ഷം പേർ പണിമുടക്കിൽ പങ്കെടുത്തുവെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി അവകാശപ്പെട്ടു. കൊല്ലം നഗരത്തിൽ പ്രകടനത്തിന് ശേഷം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന തൊഴിലാളി കൂട്ടായ്മ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു, ജില്ലാസെക്രട്ടറി ജി. ബാബു, സംയുക്തസമരസമിതി കൺവീനർ ടി.സി. വിജയൻ, കോതേത്ത് ഭാസുരൻ, ബി. തുളസീധരകുറുപ്പ്, എ.എം.ഇക്ബാൽ തുടങ്ങിയവർ സംസാരിച്ചു.