തിരുവനന്തപുരം: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായി സംയുക്ത തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്കിൽ തലസ്ഥാനത്ത് ഹർത്താൽ പ്രതീതിയായിരുന്നു. പൊതു ഗതാഗതം നിലച്ചപ്പോൾ വ്യാപകമായില്ലെങ്കിലും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും പ്രവർത്തിച്ചില്ല. അതേസമയം നഗരത്തിൽ ചില ഹോട്ടലുകൾ തുന്നുപ്രവർത്തിച്ചു.
ഐ.ടി മേഖലയുടെ കൂടി പിന്തുണയോടെയായിരുന്നു പണിമുടക്ക്. മിക്കവരും വർക് ഫ്രം ഹോം സംവിധാനത്തിലായതിനാൽ ഐ.ടി മേഖലയുടെ പ്രവർത്തനത്തെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. മറ്റിടങ്ങളിൽ നിന്നെത്തി നഗരത്തിൽ കുടുങ്ങിയവരെ പൊലീസ് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചു. കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ ഉൾപ്പെടെ നിറുത്തിയിരുന്നു. ഓട്ടോ, ടാക്സി സർവീസുകളും പണിമുടക്കിൽ പങ്കാളികളായി.സർക്കാർ,സ്വകാര്യ ഓഫീസുകളിൽ ഹാജർനില വളരെ കുറവായിരുന്നു. 4800ലേറെ ജീവനക്കാരുള്ള സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത് 17 പേർ മാത്രം. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്കൂട്ടറിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പി.എം.ജിയിൽ നടന്ന സമരപരിപാടിയിൽ പങ്കെടുക്കാനെത്തിയത്. രാവിലെ തമ്പാനൂർ ജംഗ്ഷനിൽ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുദ്രാവാക്യം വിളിച്ച ശേഷമാണ് റെയിൽവേ ജീവനക്കാർ ഡ്യൂട്ടിക്ക് പ്രവേശിച്ചത്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിയ തൊഴിലാളിസംഗമം സി.ഐ.ടി.യു.സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.തിരഞ്ഞെടുപ്പ് ഓഫീസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിരുന്നു.ബി.എം.എസ് ഒഴികെയുള്ള 10 ട്രേഡ് യൂണിയനുകൾ ഉൾപ്പെടെ 13 തൊഴിലാളി സംഘടനകളാണ് പണിമുടക്കിൽ പങ്കെടുത്തത്.
രാവിലെ ഗാന്ധിപാർക്കിൽ നടന്ന സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തിൽ ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, സി.ഐ.ടി.യു.സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രൻ,ബിനോയ് വിശ്വം എം.പി. സംയുക്ത സമരസമിതി ജില്ലാ ചെയർമാൻ വി.ആർ.പ്രതാപൻ (ഐ.എൻ.ടി.യു.സി.) ജനറൽ കൺവീനർ വി.ശിവൻകുട്ടി (സി.ഐ.ടി.യു) മീനാങ്കൽ കുമാർ (എ.ഐ.ടി.യു.സി.) സോണിയാ ജോർജ്ജ് (സേവ) ജി. മാഹീൻ അബൂബേക്കർ തുടങ്ങിയവർ സംസാരിച്ചു.
പണിയില്ലാക്കാലത്തെ പണിമുടക്ക്
ലോക്ക് ഡൗണിൽ വീട്ടിലിരുന്ന് മുഷിഞ്ഞവർക്കിടയിലേക്കെത്തിയ പണിമുടക്കിനോട് കാര്യമായ താത്പര്യമില്ലെന്നാണ് സാധാരണക്കാരുടെ മറുപടി. നേരത്തെ ഇടയ്ക്കുണ്ടാകുന്ന പണിമുടക്കിൽ ആഹ്ലാദം കണ്ടെത്തിയിരുന്നവരും ഇപ്പോൾ തണുപ്പൻ മട്ടിലാണ് പ്രതികരിച്ചത്. കോളേജുകളും സ്കൂളുകളും പ്രവർത്തിക്കാത്തതിനാൽ വിദ്യാർത്ഥികൾക്കും താത്പര്യമില്ല. ടാക്സി വാഹനങ്ങൾക്ക് ആവശ്യക്കാർ കുറവായതിനാൽ ആ മേഖല സ്തംഭിച്ചു തന്നെയാണ്. ആൾക്കാരില്ലാത്തതും വേണ്ടത്ര ട്രെയിനുകൾ ഓടിത്തുടങ്ങാത്തതും പണിമുടക്ക് അത്തരത്തിലും ബാധിച്ചില്ലെന്നാണു വിലയിരുത്തൽ.