മറഡോണയ്ക്ക് പകരം മറഡോണ മാത്രം. ഫുട്ബാളിൽ പെലെ രാജാവാണെങ്കിൽ മറഡോണ ദൈവമാണ്. അദ്ദേഹം ഒരു അദ്ഭുത പ്രതിഭയാണ്. ഫുട്ബാൾ അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്നതാണ്. പലപ്പോഴും നർമ്മത്തോടെ അദ്ദേഹം പറയും ഞാൻ അമ്മയുടെ വയറിൽ നിന്ന് ഫുട്ബാളുമായാണ് ജനിച്ചതെന്ന്.
ഒടുവിൽ മറഡോണയെ വിളിക്കുമ്പോൾ അദ്ദേഹം ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ശബ്ദം അങ്ങേത്തലയ്ക്കൽ പ്രതീക്ഷിച്ചെങ്കിലും കിട്ടിയത് അസിസ്റ്റന്റിനെയാണ്. മരണം അപ്രതീക്ഷിതമായിരുന്നു. എന്റെ ബ്രാൻഡ് അംബാസിഡർ എന്നതിനെക്കാൾ ഉപരി ഒരു ആത്മാർത്ഥ സുഹൃത്തിനെ ആണ് നഷ്ടമായത്. കരുത്തുറ്റ വ്യക്തിത്വത്തിന് ഉടമ ആയിരുന്നു മറഡോണ .
മറഡോണയ്ക്ക് ജീവിതത്തിൽ ഏറ്റവും പ്രിയങ്കരം ഫുട്ബാൾ തന്നെയാണ്. രണ്ടാമത്തേത് പേരക്കുട്ടി ബഞ്ച. യഥാർത്ഥ പേര് ബഞ്ചമിൻ. ബഞ്ചമിൻ അർജന്റീനയ്ക്കായി ലോകകപ്പ് നേടുമെന്ന് മറഡോണ പറഞ്ഞിരുന്നു.
താൻ രാജ്യത്തിന് വേണ്ടിയാണ് കളിച്ചത്. എന്നാൽ മെസി സ്വന്തം കാര്യം മാത്രമാണ് നോക്കിയതെന്ന് മറഡോണ പറയുമായിരുന്നു. മറഡോണയെ ആദ്യമായി കാണുന്നത് ദുബായിൽ വച്ചാണ്. അന്ന് ആരംഭിച്ച സൗഹ്യദമാണ് ഇതുവരെ തുടർന്നത് . അമേരിക്കൻ പ്രസിഡന്റിനെതിരെയും പോപ്പിനെതിരെയും പലപ്പോഴും തുറന്നടിച്ചിട്ടുണ്ട്.