ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി
ഓസീസിന്റെ ജയം 66 റൺസിന്
ഫിഞ്ചിനും സ്മിത്തിനും സെഞ്ച്വറി
സിഡ്നി : കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി കളത്തിലിറങ്ങിയ ടീം ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം. ഇന്നലെ ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ 66 റൺസിനാണ് ഇന്ത്യയുടെ തോൽവി.ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ ഇന്ത്യൻ ബൗളിംഗിനെ സമർത്ഥമായി നേരിട്ട് ആരോൺ ഫിഞ്ചിന്റേയും സ്റ്റീവൻ സ്മിത്തിന്റേയും സെഞ്ച്വറികളുടെ പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 374 റൺസെന്ന വലിയ ടോട്ടലിൽ എത്തുകയായിരുന്നു. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
1992 ലെ ലോകകപ്പ് ജേഴ്സിയെ ഓർമ്മിപ്പിക്കുന്ന കുപ്പായമിട്ടിറങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്നലെ ബാറ്റിംഗിലും ബാളിംഗിലും പിഴച്ചു. മറുവശത്ത് ഐ.പി.എല്ലിൽ നിറം മങ്ങിയ ഫിഞ്ചും സ്മിത്തും മാക്സ്വെല്ലുമെല്ലാം തകർപ്പൻ ഫോമിലേക്കുയർന്ന് ഇന്ത്യൻ പ്രതീക്ഷകളെ തല്ലിക്കെടുത്തുകയായിരുന്നു.
ഓസീസ് ഉയർത്തിയ കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ ഒരുഘട്ടത്തിൽ 101/4 എന്ന നിലയിൽ തകർന്നെങ്കിലും ഓപ്പണർ ശിഖർ ധവാനൊപ്പം ചേർന്ന് (74) ഹാർദ്ദിക് പാണ്ഡ്യ നടത്തിയ രക്ഷാപ്രവർത്തനം (76 പന്തിൽ 90) സന്ദർശകരുടെ തോൽവി ഭാരം കുറയ്ക്കുകയായിരുന്നു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 128 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യയുടെ ടോപ് സ്കോററായ ഹാർദ്ദിക് പാണ്ഡ്യയുടെ ഇന്നിംഗ്സ് 76 പന്തിൽ 7 ഫോറും 4 സിക്സും ഉൾപ്പെട്ടതാണ്. ധവാന്റെ ഇന്നിംഗ്സ് 86 പന്തിൽ 10 ഫോറുൾപ്പെട്ടതാണ്. മുൻ നിര ബാറ്റ്സ്മാൻമാരായ മായങ്ക് അഗർവാൾ (22), ക്യാപ്ടൻ വിരാട് കൊഹ്ലി (21), ശ്രേയസ് അയ്യർ (2), കെ.എൽ. രാഹുൽ (12) എന്നിവർക്ക് തിളങ്ങാനായില്ല. നവദീപ് സെയിനി 29 റൺസുമായി പുറത്താകാതെ നിന്നു. ഓസീസിനായി സാംപ നാലും ഹാസൽവുഡ് മൂന്ന് വിക്കറ്റും വീഴ്ത്തി.
നേരത്തേ വാർണറും (69), ഫിഞ്ചും (114) ചേർന്ന് മികച്ച തുടക്കമാണ് കംഗാരുക്കൾക്ക് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 27.5 ഓവറിൽ 156 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ഇന്ത്യ പ്രതിരോധത്തിലാവുകയായിരുന്നു. വാർണറിനെ ഷമി രാഹുലിന്റെ കൈയിലെത്തിച്ച ശേഷം ക്രീസിലെത്തിയ സ്മിത്ത് ഫിഞ്ചിനൊപ്പം പ്രശ്നങ്ങളില്ലാതെ ഓസീസ് ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടു പോയി. വെറും 66 പന്തിൽ 11 ഫോറും 4 സിക്സും ഉൾപ്പെട്ടതാണ് സ്മിത്തിന്റെ 105 റൺസിന്റെ സൂപ്പർ ഇന്നിംഗ്സ്. 124 പന്തിൽ 9 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് ഫിഞ്ചിന്റെ ഇന്നിംഗ്സ്. ഫോമിലേക്ക് തിരിച്ചെത്തി 19 പന്തിൽ 5 ഫോറിന്റേയും 3 സിക്സിന്റേയും അകമ്പടിയോടെ മാക്സ്വെൽ അതിവേഗം 45 റൺസ് അടിച്ചുകൂട്ടി. 3 വിക്കറ്റെടുത്ത ഷമിക്ക് മാത്രമേ ഇന്ത്യൻ ബൗളിംഗ് നിരയിൽ തിളങ്ങാനായുള്ളൂ. അന്തരിച്ച ഡീൻ ജോൺസിനും ഫിൽ ഹ്യൂഗ്സിനും ആദരാഞ്ജലിയായി ഇരുടീമും ഒരു മിനിട്ട് മൗനം ആചരിച്ച ശേഷമാണ് മത്സരം തുടങ്ങിയത്. കളിക്കിടെ അദാനിക്കെതിരായ പ്രതിഷേധവുമായി ഒരു കാണി ഗ്രൗണ്ടിൽ കയറി.