കുറ്റിപ്പുറം : പൊതുരംഗത്തെ പ്രവർത്തന പരിചയമാണ് വിബീഷ് ചന്ദ്രനെ തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരരംഗത്തെത്തിച്ചത്. പൊന്നാനി നഗരസഭയിലേക്ക് ഇരുപതാം വാർഡ് ചമ്രവട്ടം ജംഗ്ഷനിൽ നിന്നാണ് മത്സരം.
കൊവിഡ് പ്രതിസന്ധിയിൽ നാടൊന്നാകെ വിറങ്ങലിച്ചപ്പോൾ തന്റെ താമസസ്ഥലം കൂടിയായ ഇരുപതാം വാർഡിൽ അണുനശീകരണത്തിന് വിബീഷ് മുന്നിട്ടിറങ്ങിയിരുന്നു. 354 വീടുകളും 22 സ്ഥാപനങ്ങളും 22 കിലോ വരുന്ന കിറ്റും തൂക്കി അണുനശീകരണം നടത്തി. കൊവിഡ് കാലത്ത് ഓണം, പെരുന്നാൾ ആഘോഷവേളകളിൽ നിരവധി നിർധന കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു. സ്വന്തം സാമ്പത്തിക പ്രയാസങ്ങളൊന്നും പ്രതിസന്ധിഘട്ടത്തിലെ പ്രവർത്തനങ്ങൾക്ക് വിഘാതമായില്ല.
വികസനത്തിന് ഏറെ സാദ്ധ്യതകളുള്ള പ്രദേശമാണ് ചമ്രവട്ടം ജംഗ്ഷൻ എന്ന് വിബീഷ് പറയുന്നു. നാനോന്മുഖമായ വികസനത്തിനാണ് താൻ മുൻതൂക്കം നൽകുക.
10 ാം ക്ലാസ് തോറ്റതോടെ തുടർപഠനം നിറുത്തി സ്വർണപ്പണി പഠിക്കാൻ കോയമ്പത്തൂരിൽ പോയ വിബീഷ് അഞ്ചുവർഷം അവിടെയും പിന്നീട് പാലക്കാടും തൃശൂരും ജോലി ചെയ്തു. ഇതിനിടെ യൂത്ത് കോൺഗ്രസിലും സജീവമായി. പിന്നീട് കല്യാണങ്ങളുടെ സ്റ്റേജ് വർക്ക് ഏറ്റെടുത്തു. രാത്രി ജോലിയും പകൽ പൊതുപ്രവർത്തനവുമായി മുന്നോട്ടുപോവുന്നതിനിടെ പഠനം തുടരുകയും എസ്.എസ്.എൽ.സിയും പ്ലസ് ടുവും വിജയിക്കുകയും ചെയ്തു. ഇപ്പോൾ ഡിഗ്രി പഠനത്തിന്റെ തിരക്കിലാണ്. ഇതിനിടെ യൂത്ത് കോൺഗ്രസ് ഈഴുവത്തിരുത്തി മണ്ഡലം അദ്ധ്യക്ഷനായി. നിലവിലെ പൊതുപ്രവർത്തനത്തിന്റെ തുടർച്ചയായാണ് മത്സരത്തെയും വിബീഷ് കാണുന്നത്.