റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ മാവോയിസ്റ്റുകൾ നടത്തിയ സ്ഫോടനത്തിൽ ഒരു സി ആർ പി എഫ് ജവാന് വീരമൃത്യു. പത്ത് ജവാന്മാർക്ക് പരിക്കേറ്റു. അസിസ്റ്റന്റ് കമാൻഡന്റ് ആണ് വീരമൃത്യുവരിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇവരെ ചികിത്സയ്ക്കായി റായ്പൂരിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സി ആർ പി എഫ് സംഘത്തെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ സ്ഫോടനം നടത്തിയത്. പ്രദേശത്തെ വനത്തിൽ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തിയശേഷം രാത്രി പത്തുമണിയോടെ ജവാന്മാർ മടങ്ങുമ്പോഴായിരുന്നു സ്ഫോടനം. പ്രദേശത്ത് മാവോയിസ്റ്റുകൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തേക്ക് കൂടുതൽ സൈനികർ എത്തിയിട്ടുണ്ട്.