ശബരിമല : കൊവിഡ് വ്യാപനത്തെത്തുടർന്ന് തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തെയും കാര്യമായി ബാധിച്ചു. വിവിധ ഡിപ്പോകളിൽ നിന്നുള്ള പമ്പ സ്പെഷ്യൽ സർവീസുകൾ മുടങ്ങിയതിനൊപ്പം ഏറെ വരുമാനം ലഭിച്ചുവന്ന പമ്പ - നിലയ്ക്കൽ ചെയിൻ സർവീസും ഇത്തവണ നാമമാത്രമായി. നടതുറന്ന് 14 ദിവസം പിന്നിട്ടപ്പോൾ പമ്പയിൽ എത്തി മടങ്ങിയത് 79 സ്പെഷ്യൽ സർവീസുകൾ മാത്രം. മിക്ക ബസുകളിലും വളരെ കുറച്ച് തീർത്ഥാടകർ മാത്രമാണ് ഉണ്ടായിരുന്നത്.
മുമ്പ് പ്രതിദിനം 100ലധികം സ്പെഷ്യൽ സർവീസുകളുണ്ടായിരുന്നു. സാധാരണ ദിവസങ്ങളിൽ 600ന് മുകളിലും ശനി, ഞായർ ദിവസങ്ങളിൽ 900 ത്തോളവും പമ്പ - നിലയ്ക്കൽ ചെയിൻ സർവീസുകളും നടത്തിയിരുന്നു. എത്താൽ ഇത്തവണ ആകെ 616 ചെയിൻ സർവീസുകൾ മാത്രമാണ് നടത്താനായത്. രണ്ടരകോടിയോളം രൂപയുടെ വരുമാന നഷ്ടമാണ് ഇത്രയും ദിവസമായി കെ.എസ്.ആർ.ടി.സിക്കുണ്ടായത്.
ഇപ്പോൾ ശബരിമലയിൽ എത്തുന്ന തീർത്ഥാടകരിൽ 95 ശതമാനവും അയൽസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ട്രെയിൻ സർവീസുകൾ പലതും നിലച്ചതോടെ അവരെല്ലാം സ്വകാര്യ വാഹനങ്ങളിലാണ് എത്തുന്നത്. നാമമാത്രമായി എത്തുന്ന മലയാളികളും സ്വകാര്യവാഹനങ്ങളെയാണ് ആശ്രയിക്കുന്നത്.
കൂടുതൽ തീർത്ഥാടകർക്ക് അനുമതി നൽകിയാലും കെ. എസ്.ആർ.ടി.സിക്ക് വലിയ പ്രതീക്ഷയ്ക്ക് വകയില്ല. പമ്പ - ചെയിൻ സർവീസിന്റെ എണ്ണത്തിൽ നാമമാത്രമായ വർദ്ധന മാത്രമാണ് പ്രതീക്ഷിക്കുന്നത്.
വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിൽ എത്തിയ
സ്പെഷ്യൽ സർവീസുകളുടെ എണ്ണം
തിരുവനന്തപുരം : 49
ചെങ്ങന്നൂർ : 13
പത്തനംതിട്ട : 8
മറ്റിടങ്ങൾ : 9